റാഞ്ചി : ജാർഖണ്ഡിൽ 10 വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ 29 വർഷത്തിന് ശേഷം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ധൻബാദ് കോടതി. ഇന്ന് കേസിൽ അവസാന വാദം കേട്ട ശേഷം ജില്ല സെഷൻസ് ജഡ്‌ജി സുജിത് കുമാർ സിങ്ങാണ് പ്രതിയായ മുസ്‌താഖ് അൻസാരി എന്ന മുന്ന മിയാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവ് ശിക്ഷയ്‌ക്ക് വിധിച്ചത്. കേസിലെ മറ്റ് രണ്ട് പ്രതികളെ കോടതി വിട്ടയച്ചു.
കേസിനാസ്‌പദമായ സംഭവം : 1994 മാർച്ച് 12 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സ്‌കൂളിൽ നിന്ന് മടങ്ങുകയായിരുന്ന 10 വയസുകാരനായ ഷാനവാസ് എന്ന കുട്ടിയെ മൂവർ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. മുസ്‌താഖിനെ കൂടാതെ ലദ്ദാൻ വാഹിദ് എന്ന നാൻഹെ, അഫ്‌താബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മൂവരും ഷാനവാസിനെ അംബാസഡർ കാറിൽ ചിർകുണ്ടയിലെ ദാമോദർ നദിക്കടുത്തേയ്‌ക്ക് എത്തിക്കുകയും അവിടെ വച്ച് കുട്ടിയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
മോചന ദ്രവ്യം നൽകാത്തതിന് കൊലപ്പെടുത്തി : ജാരിയ സ്വദേശിയായ ഷാനവാസ് ഇന്ത്യൻ സ്‌കൂൾ ഓഫ് ലേണിംഗിൽ വിദ്യാർഥിയായിരുന്നു. കുട്ടിയുടെ പിതാവ് ഷറഫത്ത് ഹുസൈൻ ജാരിയ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പ്രതികൾ തന്നോട് കുട്ടിയുടെ മോചനത്തിനായി 50,000 രൂപ ആവശ്യപ്പെട്ടതായും തുക നൽകാത്തതിനെ തുടർന്ന് ഷാനവാസിനെ കൊലപ്പെടുത്തിയതാണെന്നും ഹുസൈൻ പരാതിയിൽ പറഞ്ഞു. തുടർന്നാണ് കേസ് കോടതിയിൽ എത്തിയത്.
കേസിൽ ലദ്ദാൻ വാഹിദിനേയും അഫ്‌താബിനേയും കോടതി നേരത്തെ വിട്ടയച്ചിരുന്നു. 29 വർഷം പിന്നിട്ടെങ്കിലും കുറ്റവാളികളിലൊരാൾ ശിക്ഷിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഷാനവാസിന്‍റെ കുടുംബം പറഞ്ഞു.
also read : 100 രൂപ തിരികെ നല്‍കിയില്ല, സഹപ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി ; യുവാവിന് ജീവപര്യന്തം തടവ്
ദുരഭിമാന കൊലയിൽ 10 പേർക്ക് ജീവപര്യന്തം : തമിഴ്‌നാട്ടിൽ 2015 ജൂണിൽ നടന്ന ദുരഭിമാന കൊലപാതക കേസിൽ പ്രതികളുടെ ജീവപര്യന്തം ഈ മാസം മദ്രാസ് ഹൈക്കോടതി ശരിവച്ചിരുന്നു. കൊക്കു സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ചതിന് എഞ്ചിനീയറായ യുവാവിനെ കുത്തി കൊലപ്പെടുത്തിയതാണ് കേസ്. സേലം ജില്ലയിലെ ഒമലൂർ സ്വദേശിയായ ഗോകുൽ രാജാണ് കൊല്ലപ്പെട്ടത്.
കേസിൽ 10 പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഗോകുലിന്‍റെ ശരീരവും തലയും വേർപെട്ട നിലയിൽ പള്ളിപ്പാളയത്തെ റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. എന്നാൽ കേസിൽ പ്രത്യേക കോടതി ആദ്യം ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നെങ്കിലും പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
also read : ഗോകുല്‍ രാജ് കൊലപാതകം: പ്രതികള്‍ക്കെതിരായ ജീവപര്യന്തം ശരിവച്ച് മദ്രാസ് ഹൈക്കോടതി
തുടർന്ന് കേസിൽ നിന്ന് അഞ്ച് പേരെ വിട്ടയക്കുകയും ഈ വിധി ചോദ്യം ചെയ്‌ത് ഗോകുലിന്‍റെ കുടുംബം അപ്പീൽ നൽകുകയും ചെയ്‌തു. പിന്നീട് നടന്ന വാദ പ്രതിവാദങ്ങൾക്ക് ശേഷമാണ് ഹൈക്കോടതി 10 പ്രതികളുടേയും ജീവപര്യന്തം ശരിവച്ചത്.