ന്യൂഡല്‍ഹി: എല്‍ഐസിയുടെ ഐപിഒ (Initial Public Offering) ഇന്ന് (04.05.2022) ആരംഭിച്ചു. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയാണ് ഇത്. ഇന്ന് മുതല്‍ ഈ മാസം 9വരെയാണ് ഐപിഒയിലൂടെ ഓഹരി വാങ്ങാന്‍ സാധിക്കുക. ഒരു ഓഹരിക്ക് ഏറ്റവും കുറഞ്ഞത് 902 രൂപയും ഏറ്റവും കൂടിയത് 949 രൂപയും എന്ന പരിധിയാണ് ( price band 902-949) എല്‍ഐസി നിശ്ചയിച്ചിരിക്കുന്നത്.
എല്‍ഐസിയിലെ 3.5 ശതമാനം ഓഹരി വില്‍ക്കുന്നതിലൂടെ 21,000 കോടി രൂപ സ്വരൂപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അര്‍ഹരായ എല്‍ഐസി ജീവനക്കാര്‍ക്കും പോളിസി ഉടമകള്‍ക്കും ഐപിഒയില്‍ പരിഗണനയുണ്ട്. എല്‍ഐസി പോളിസി ഉടമകള്‍ക്ക് 60 രൂപയും എല്‍ഐസി ജീവനക്കാര്‍ക്ക് 45 രൂപയും ഒരു ഓഹരിയില്‍ ഡിസ്‌കൗണ്ട് ലഭിക്കും.
22.13 കോടി ഓഹരികളാണ് എല്‍ഐസി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. മെയ് 17ന് ഓഹരികള്‍ ലിസ്‌റ്റ് ചെയ്യപ്പെടാനായിരിക്കും സാധ്യത. ഐപിഒയ്ക്ക് മുമ്പായി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ വിറ്റഴിച്ചതിലൂടെ 5,627 കോടി എല്‍ഐസി നേടിയിരുന്നു. ഈ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരു ഓഹരി 949 രൂപയ്‌ക്കാണ് വാങ്ങിയത്. 5,92,96,853 ഓഹരികളാണ് ഇവര്‍ വാങ്ങിയത്.
ഐപിഒ വഴി 5 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു എല്‍ഐസി തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലുള്ള വിപണി സാഹചര്യം പരിഗണിച്ച് അത് 3.5 ശതമാനമായി കുറയ്‌ക്കുകയായിരുന്നു. ഇങ്ങനെ കുറച്ചിട്ടുപോലും ഇപ്പോഴത്തെ ഐപിഒ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആണ്.
18,300 കോടി സമാഹരിച്ച പേടിഎമ്മിന്‍റെ 2021ലെ ഐപിഒയായിരുന്നു ഇതിനുമുമ്പുള്ള രാജ്യത്തെ ഏറ്റവും വലിയ ഐപിഒ. 15,500 കോടി സമാഹരിച്ച 2010ലെ കോള്‍ ഇന്ത്യ ഐപിഒ, 11,700 കോടി സമാഹരിച്ച 2008ലെ റിലയന്‍സ് പവറിന്‍റെ ഐപിഒ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 245 സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ദേശസാല്‍ക്കരിച്ചതിന് ശേഷം അവ സംയോജിപ്പിച്ചാണ് 1956 സെപ്റ്റംബര്‍ ഒന്നിന് എല്‍ഐസി രൂപീകരിക്കുന്നത്.
അഞ്ച് കോടിയായിരുന്നു എല്‍ഐസിയുടെ ആദ്യ മൂലധനം. ഇന്‍ഷുറന്‍സ് പ്രീമിയം അടിസ്ഥാനത്തില്‍ 61.6 ശതമാനം വിപണി പങ്കാളിത്തം എല്‍ഐസിക്കാണ്. പുതിയ ബിസിനസ് പ്രീമിയത്തില്‍ 61.4ശതമാനം, പോളിസിയുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ 71.8ശതമാനം, ഗ്രൂപ്പ് പോളിസിയുടെ എണ്ണത്തില്‍ 88.8 ശതമാനം എന്നിങ്ങനെയാണ് എല്‍ഐസിയുടെ വിപണി പങ്കാളിത്തം.