തെരഞ്ഞെടുപ്പ് അടുത്താൽ നിരവധി വിഷയങ്ങളാണ് സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് വ്യവസായവത്‌കരണവുമായി ബബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ബി.ജെ.പിയാണ് ഇത്തവണ ഈ വിഷയവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 2011ല്‍ ഈ വിഷയത്തിൽ ബുദ്ധദേബ് ഭട്ടാചാര്‍ജിയും മമതാ ബാനര്‍ജിയും തമ്മില്‍ കടുത്ത വാക്കേറ്റമാണ് നടത്തിയത്. എന്നാൽ ഇന്നത് നരേന്ദ്രമോദിയും മമതാ ബാനര്‍ജിയും തമ്മിലായി മാറിയിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും പോരാട്ട വേദിയാക്കി മാറ്റിയിരിക്കുന്നത് സിംഗൂർ ഉൾപ്പെടുന്ന ഹൂഗ്ലി ജില്ലയുമാണ്.
ടാറ്റാ മോട്ടോര്‍സ് ബംഗാളില്‍ നിന്നും പിന്‍ വാങ്ങിയിട്ട് ഏകദേശം 11 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും വ്യവസായ വിരോധ സംസ്ഥാനം എന്ന ദുഷ്‌പേര് ബംഗാളിനെ വിട്ടൊഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വ്യവസായ സമ്മേളനങ്ങളില്‍ എല്ലാം തന്നെ സംസ്ഥാനത്തിനുള്ള ഉത്‌പാദന വ്യവസായവുമായി ബന്ധപ്പെട്ട മോശം പ്രതിഛായ പ്രതിധ്വനിച്ച് നിന്നിരുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളിലായി നടന്ന മമതാ ബാനര്‍ജി സര്‍ക്കാര്‍ സംഘടിപ്പിച്ച ബംഗാള്‍ ആഗോള ബിസിനസ് ഉച്ചകോടികളിൽ ഒന്നും തന്നെ മുന്നോട്ടുള്ള വഴി തെളിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും വ്യവസായവത്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വീണ്ടും ചർച്ചയാകുകയാണ് പശ്ചിമബംഗാളിൽ. അതിന് കാരണമായിരിക്കുന്നതോ ബി.ജെ.പിയും. വ്യവസായവത്‌കരണ വാഗ്‌ദാനങ്ങൾ ഉയര്‍ത്തി കാട്ടി “മാറ്റങ്ങളുടെ മാറ്റം'' എന്ന മുദ്രാവാക്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് മുന്നോട്ട് വയ്‌ക്കുന്നത്. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ വ്യവസായവത്‌കരണത്തിനുള്ള അനുകൂലമായ അവസ്ഥ തിരിച്ചെത്തുമെന്നും യുവാക്കള്‍ക്ക് തൊഴിലുകള്‍ ലഭിക്കുമെന്നും അതുവഴി പുതിയ ഒരു ബംഗാള്‍ ഉദിച്ചുയരുമെന്നുമാണ് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം.
ബുദ്ധദേബ് ഭട്ടാചാര്‍ജി മുഖ്യമന്ത്രി രണ്ടാം തവണ അധികാരത്തിലെത്തിയ സമയത്താണ് പുത്തൻ പദ്ധതികൾ സംസ്ഥാനത്ത് ആരംഭിക്കുന്നത്. ബംഗാളില്‍ വ്യവസായം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനായി അദ്ദേഹം രാജ്യത്തിനകത്തും പുറത്തുമായി വിവിധ യാത്രകൾ നടത്തുകയും ചെയ്തു. അന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റായ റൈറ്റേഴ്‌സ് ബില്‍ഡിംഗിൽ വ്യവസായം, മുതല്‍ മുടക്ക് എന്നീ രണ്ടു വാക്കുകളാണ് എപ്പോഴും മുഴങ്ങി കേട്ടു കൊണ്ടിരുന്നത്. എന്നാല്‍ ഭട്ടാചാര്‍ജിയുടെ സ്വപ്‌നങ്ങള്‍ ഒരിക്കലും പൂവണിഞ്ഞില്ല. വന്‍കിട വ്യവസായങ്ങള്‍ ഒന്നും തന്നെ സംസ്ഥാനത്തേക്കെത്തിയില്ല. അതിലുപരി സിംഗൂരിന്‍റെയും നന്ദിഗ്രാമിന്‍റെയും മുറിവുകള്‍ ഏറ്റുവാങ്ങി ഓര്‍മയിലേക്ക് മറയാനായിരുന്നു ബുദ്ധദേബ് ഭട്ടാചാര്‍ജിയുടെ വിധി. അതോടു കൂടി ഇടതുപക്ഷ മുന്നണി രാഷ്ട്രീയ ചരിത്രത്തിന്‍റെ പുറമ്പോക്കുകളിലേക്ക് ക്രമേണ തള്ളപ്പെട്ടു.
ബംഗാളില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന വ്യവസായ വിരുദ്ധര്‍ എന്ന ദുഷ്‌പേര് മായിച്ചു കളയാന്‍ ഭട്ടാചാര്‍ജി ആഗ്രഹിച്ചിരുന്നു. “കൃഷി നമ്മുടെ അടിസ്ഥാന ശിലയും വ്യവസായം നമ്മുടെ ഭാവിയും'' ആണെന്ന് ജനങ്ങളും തന്‍റെ പാര്‍ട്ടിയും ഒരുപോലെ മനസിലാക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അതില്‍ അദ്ദേഹം പരാജയപ്പെട്ടു. യഥാര്‍ത്ഥത്തില്‍ അത് ഒരു ബൂമറാങ് പോലെ തിരിച്ചടിക്കുകയാണുണ്ടായത്. അതോടെ മാർക്കസിന്‍റെ നോവലിന്‍റെ പേരിൽ പരക്കെ പറഞ്ഞു കേട്ടപോലെ “ജനൽ ഓഫ് റെഡ് ലാബ്രിന്ത്” ആയി മാറുകയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്‍ജി.
2011-ലെ ഏറെ കൊട്ടിഘോഷിച്ച “മാറ്റ”ത്തിന്‍റെ മുദ്രാവാക്യങ്ങള്‍ക്ക് ശേഷം ബംഗാളില്‍ വ്യവസായങ്ങള്‍ കൊണ്ടു വരുന്നതിനെ കുറിച്ച് മമതയും ഒരുപാട് സംസാരിച്ചിരുന്നു. ഉച്ചകോടികളും കോണ്‍ക്ലേവുകളും സമ്മേളനങ്ങളും സന്ദര്‍ശനങ്ങളുമൊക്കെ നിരന്തരം നടന്നുെങ്കിലും എത്ര വ്യവസായങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിച്ചേര്‍ന്നു അല്ലെങ്കില്‍ അവയിലൂടെ കഴിഞ്ഞ 10 വര്‍ഷങ്ങൾക്കിടയിൽ എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചു എന്നുള്ളത് ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്.
ടാറ്റാ മോട്ടോര്‍സ് സിംഗൂര്‍ വിട്ടതിനു ശേഷം കര്‍ഷകര്‍ക്ക് അവരുടെ ഭൂമി തിരിച്ചു ലഭിക്കുമെന്ന് മമതാ ബാനര്‍ജി ഉറപ്പ് നല്‍കിയിരുന്നു. ഒരുപാട് നിയമ തടസങ്ങള്‍ മറികടന്ന് അവര്‍ക്ക് ഒടുവില്‍ ഭൂമി തിരിച്ചു ലഭിച്ചെങ്കിലും അപ്പോഴേക്കും സിംഗൂരിലെ ആ പ്രദേശങ്ങളുടെയെല്ലാം സ്വഭാവം എന്നന്നേക്കുമായി മാറി കഴിഞ്ഞിരുന്നു. തിരിച്ചു കിട്ടിയ ഭൂമി കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണിന്ന് കര്‍ഷകരെല്ലാം. ഇതിനിടയിലാണ് വ്യവസായവത്‌കരണം എന്ന ആവശ്യം വീണ്ടും ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇത്തവണ മൂന്നാം കക്ഷിയായ ബി.ജെപിയാണ് ഈ ആവശ്യം ഉയർത്തുന്നത്.
ഭരണതലത്തില്‍ മാറ്റങ്ങള്‍ ഉണ്ടായാല്‍ പോലും സമീപ ഭാവിയില്‍ എപ്പോഴെങ്കിലും ബംഗാളില്‍ വ്യവസായങ്ങള്‍ കടന്നു വരുമോ എന്നുള്ളതാണ് സ്വാഭാവികമായും ഉയരുന്ന ചോദ്യം. ബി.ജെ.പിയെ പിന്തുണക്കുന്നവര്‍, വ്യവസായങ്ങള്‍ വരുമെന്നു തന്നെയാണ് പറയുന്നത്. അതോടൊപ്പം ഗുജറാത്തിനെയാണ് അവര്‍ മാതൃകയായി ഉയര്‍ത്തി കാട്ടുന്നതും. ഒരിക്കല്‍ ആ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ് ഇന്ന് പ്രധാനമന്ത്രി. വ്യവസായങ്ങള്‍ക്ക് നേരെ ഒരിക്കലും മുഖം തിരിക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത് എന്നാണ് അവര്‍ പറയുന്നത്. അങ്ങനെയാണ് തന്‍റെ ഗുജറാത്ത് മാതൃകയുടെ അടിസ്ഥാനത്തില്‍ ബംഗാളില്‍ “വ്യവസായം” എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ഇറങ്ങി തിരിച്ചിരിക്കുന്നത്.
പക്ഷെ അത് ഒരു എളുപ്പമുള്ള ലക്ഷ്യമാണോ?
പശ്ചിമബംഗാളിലെ ഭൂവുടമസ്ഥതയുടെ രീതിയിലാണ് അതിനുള്ള ഉത്തരം ഉള്ളത്. സംസ്ഥാനത്ത് ഒരു സ്ഥലത്ത് തന്നെ വിശാലമായ ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് ലഭിക്കുക എന്നുള്ളത് അസാധ്യമായ കാര്യമാണെന്ന് നിരവധി വിദഗ്‌ധര്‍ ചൂണ്ടി കാട്ടുന്നുണ്ട്. ഉത്‌പാദന വ്യവസായമായിരിക്കും ഇക്കാരണത്താല്‍ ഏറ്റവും അധികം പ്രയാസം നേരിടാൻ പോകുന്നത്. ഇങ്ങനെ വന്‍ തോതിലുള്ള ഭൂമി ഒരിടത്ത് ഒരുമിച്ച് ലഭിക്കാത്തതിനാൽ ടാറ്റ മാത്രമല്ല ലാര്‍സന്‍ ആന്‍റ് ട്യൂബ്രോയും സംസ്ഥാനത്ത് ഒരു താപോര്‍ജ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്നും പിന്തിരിയുകയുണ്ടായി. വ്യവസായങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കല്‍ നടക്കില്ല എന്നുള്ളതാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ നിലപാട്. ഭൂപരിഷ്‌കരണങ്ങള്‍ക്ക് ശേഷം തങ്ങളുടെ ഭൂമി ഏറ്റെടുക്കല്‍ നയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയും തയ്യാറായില്ലെങ്കില്‍ പശ്ചിമ ബംഗാളില്‍ വന്‍ കിട വ്യവസായങ്ങള്‍ കെട്ടിപടുക്കുന്നതിന് മറ്റൊരു വഴിയുമുണ്ടാകില്ല എന്നും അതിന് ശേഷമല്ലേ മുതല്‍ മുടക്ക് ആകര്‍ഷിക്കുക എന്നുമാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചു വന്നാല്‍ വ്യവസായങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ കൂടുതല്‍ വഷളാകാനേ സാധ്യതയുള്ളൂ. മമതയെ പരാജയപ്പെടുത്താൻ ബി.ജെ.പിക്ക് കഴിഞ്ഞാല്‍ ഒറ്റരാത്രി കൊണ്ട് എല്ലാം മാറ്റി മറിക്കാന്‍ അവര്‍ക്ക് സാധിക്കുമോ എന്നുള്ളതാണ് മറ്റൊരു ചോദ്യം. അതിനുള്ള കരുത്തും മനോധൈര്യവും അവര്‍ക്കുണ്ടോ എന്ന ചോദ്യവും ഒപ്പം ഉയരുന്നുണ്ട്.
ബംഗാളില്‍ എടുത്തു ചാടി കാര്യങ്ങൾ ചെയ്താൽ എന്ത് സംഭവിക്കും എന്നതിന്‍റെ എക്കാലത്തെയും മുന്നറിയിപ്പാണ് ബുദ്ധദേബ് ഭട്ടാചാര്‍ജിക്ക് ഉണ്ടായ രാഷ്ട്രീയ വിധി. ബി.ജെ.പി ആ വഴി നടക്കുകയില്ല എന്ന കാര്യം വ്യക്തമാണ്. അപ്പോള്‍ നരേന്ദ്രമോദിയും അമിത് ഷായും ഉയര്‍ത്തി കൊണ്ടിരിക്കുന്ന ഈ വ്യവസായ വത്‌കരണ മുദ്രാവാക്യത്തിന് എന്തു സംഭവിക്കും?അതൊരു പ്രഹേളികയായി മാറുമോ? ഒരിക്കലും അവസാനിക്കാത്ത പ്രശ്‌നമായി അവശേഷിക്കുമോ? തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും. അതിനായി കാത്തിരിക്കുകയാണ് പശ്ചിമബംഗാൾ.