കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് ഇടത്-കോൺഗ്രസ്-ഇന്ത്യൻ സെക്കുലർ ഫ്രണ്ട് സഖ്യം. തങ്ങൾ സിഎഎ, എൻആർസി എന്നിവക്ക് എല്ലായിടത്തും എതിരാണെന്നും ഒരുകാരണവശാലും സംസ്ഥാനത്ത് ഇവ നടപ്പാക്കാൻ അനുവദിക്കില്ലെന്നും സിപിഎം നേതാവ് ബിമൻ ബോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും എതിരെയാണ് പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ സിഎഎ നടപ്പാക്കുമെന്നും 70 വർഷമായി പശ്ചിമ ബംഗാളിൽ താമസിക്കുന്ന അഭയാർഥികൾക്ക് പൗരത്വം നൽകുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ സിഎഎ, എൻആർസി നിയമങ്ങൾ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. 294 അംഗങ്ങളുള്ള പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. മെയ് 2നാണ് ഫല പ്രഖ്യാപനം.