ശ്രീനഗര്‍ (ജമ്മു കശ്‌മീര്‍) : ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ (Landslide on Jammu Srinagar highway) നാല് പേർ മരിച്ചു (Four people died in the landslide). ഇന്ന് രാവിലെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ട്രക്കിന് മുകളിലേക്ക് കൂറ്റൻ പാറകൾ വന്ന് പതിക്കുകയായിരുന്നു. ബനിഹാൾ ടൗണിന് (Banihal town) സമീപം ഹൈവേയിലെ ഷെർബിബി സ്‌ട്രെച്ചിലാണ് അപകടം സംഭവിച്ചതെന്ന് റംബാൻ ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.
അപകടത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി. ഉരുൾപൊട്ടലിൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. ഉരുൾപൊട്ടലിനെ തുടർന്ന് ജമ്മു-ശ്രീനഗർ ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മഹാരാഷ്‌ട്രയിലെ ഉരുൾപൊട്ടൽ : മഹാരാഷ്‌ട്രയിൽ ഇക്കഴിഞ്ഞ ജൂലൈയിലാണ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയിലെ ഇർഷൽവാഡിയിലാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നിരവധി പേർക്ക് ഉരുൾപൊട്ടലിൽ ജീവൻ നഷ്‌ടപ്പെട്ടിരുന്നു. ജൂലൈ 19ന് രാത്രി 10.30നും 11.00നും ഇടയിലാണ് സംഭവം.
ചൗക്ക് ഗ്രാമത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെ മോർബെ ഡാമിന് മുകളിലുള്ള മലയോര മേഖലയിലാണ് ഉരുൾപൊട്ടിയത്. 60ഓളം ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിൽ 90 ശതമാനം ആളുകളും അവശിഷ്‌ടങ്ങൾക്കടിയിൽപ്പെട്ടു. നാട്ടുകാരും പൊലീസുകാരും എൻഡിആർഎഫ് സംഘവും സംയുക്തമായാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയത്.
Read More : Maharashtra Landslide | മഹാരാഷ്‌ട്രയിൽ വന്‍ ഉരുള്‍പൊട്ടല്‍ ; 10 മരണം, നൂറോളം പേർ അവശിഷ്‌ടങ്ങൾക്കിടയിൽ
ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടൽ : ഹിമാചൽ പ്രദേശിൽ (Himachal Pradesh) ഓഗസ്റ്റ് 24ന് ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകളാണ് തകർന്നത് (Buildings Collapsed in landslide). കുളു(Kullu) ജില്ലയിലെ ആനി പട്ടണത്തിലായിരുന്നു സംഭവം. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്‌തില്ല. കനത്ത മഴയെ തുടർന്ന് കുളു - മാണ്ഡി ഹൈവേ തകരുകയും ചെയ്‌തിരുന്നു (Road Collapsed in Heavy Rain). അപകടത്തെ തുടർന്ന് 10 കിലോമീറ്ററോളമാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. നൂറോളം വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്. ഈ കാലവർഷത്തിൽ മാത്രം ഹിമാചലിൽ ഇതുവരെ 113 ഉരുൾപൊട്ടലുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഓഗസ്റ്റ് ആദ്യ വാരം കേദാർനാഥിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. നിരവധി കടകൾ തകരുകയും നിരവധിയാളുകളെ കാണാതാകുകയും ചെയ്‌തു. കേദാര്‍നാഥ് ധാമിന്‍റെ പ്രധാന ഇടത്താവളമായ ഗൗരികുണ്ടിലാണ് മണ്ണിടിഞ്ഞ് അപകടം സംഭവിച്ചത്.
റോഡ് ഇടിഞ്ഞു, ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു: ഷിംലയിലെ മാണ്ഡിയിലും റോഡ് ഇടിഞ്ഞ് ബസ് അപകടത്തിൽപ്പെട്ടിരുന്നു. 12ഓളം പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇതിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സുന്ദർനഗർ യൂണിറ്റിൽ നിന്നുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. ഷിംലയിലേക്കുള്ള യാത്രാമധ്യേ റോഡ് ഇടിഞ്ഞതോടെയാണ് അപകടം സംഭവിച്ചത്. എന്നാൽ താഴ്‌ചയിലേക്ക് മറിഞ്ഞ ബസ് മൺകൂനയ്‌ക്ക് മുകളിൽ തങ്ങി നിന്നതോടെ വലിയ അപകടം ഒഴിവായി.