കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികളിൽ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തിൽ പുനരാലോചന വേണമെന്നാണവശ്യമുന്നയിച്ച് ദ്വീപിലെ ബിജെപി ജനറൽ സെക്രട്ടറി എച്ച്.കെ മൊഹമ്മദ് കാസിം പ്രധാനമന്ത്രിക്ക് കത്തയച്ചു.
ലക്ഷദ്വീപിന്‍റെ പുതിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ കെ പട്ടേൽ പാർട്ടിയുമായി സഹകരിക്കുന്നില്ല, ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്നു, ദ്വീപിലെ ക്ഷേമ പദ്ധതികൾ നിർത്തലാക്കി, ദുരിത സാഹചര്യം കണക്കിലെടുത്തില്ല, കർഷകർക്കുണ്ടായിരുന്ന വിവിധ ആനുകൂല്യങ്ങൾ നിർത്തി, 500 താൽക്കാലിക തദ്ദേശീയ ജീവനക്കാരെ പിരിച്ചു വിട്ടു, 15 സ്കൂളുകൾ അടച്ചു പൂട്ടി, അഡ്‌മിനിസ്‌ട്രേറ്റർ ദ്വീപിൽ വളരെ കുറച്ച് ദിവസം മാത്രമേ എത്താറുള്ളൂ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
Read More: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം: എഎം ആരിഫ് എംപി
ലക്ഷദ്വീപിൽ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണപരിഷ്കാരത്തിനെതിരെ സിനിമ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലുള്ളവരടക്കം ദ്വീപിനകത്തും പുറത്തുമുള്ള നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതുവരെ ക്രിമിനല്‍ കേസുകളെന്നും റിപ്പോര്‍ട്ട് ചെയ്യാത്ത കേന്ദ്രഭരണ പ്രദേശത്ത് ഗുണ്ടാആക്ട് നടപ്പിലാക്കി, മദ്യ നിരോധനമുണ്ടായിരുന്ന പ്രദേശത്ത് ടൂറിസത്തിന്‍റെ പേരില്‍ മദ്യം പ്രവേശിപ്പിച്ചു, കേന്ദ്രത്തിനെതിരെ 2019ൽ പ്രതിഷേധ സൂചകമായി ബോർഡ് വെച്ചതിനടക്കം കേസെടുത്തു തുടങ്ങിയ പരാതികളാണ് ദ്വീപ് നിവാസികള്‍ ഉന്നയിക്കുന്നത്.