ലഖ്‌നൗ : ലഖിംപുർ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണം നടത്തിയതില്‍ അറസ്റ്റിലായ ആശിഷ് മിശ്രയുടെ സുഹൃത്തുക്കളായ സുമിത് ജയ്‌സ്വാൾ, അങ്കിത് ദാസ് എന്നിവർക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ചിന്‍റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്. സംഭവത്തിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണിത്.
മണിക്കൂറുകളുടെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്
കേസിൽ ഒക്‌ടോബർ ഒമ്പതിനാണ് കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലാകുന്നത്. സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തെ തുടർന്നാണ് കേസിൽ ആശിഷ് മിശ്രയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുന്നതും. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേസിൽ കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല.
ആശിഷ് മിശ്ര ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
ലഖിംപുർ ഖേരിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആശിഷ് മിശ്ര ഉൾപ്പടെ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിനെ തുടർന്ന് ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരുന്നു.
ആശിഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജി ഉപേന്ദ്ര അഗർവാൾ പറഞ്ഞു.
അതേസമയം ആശിഷിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഹർജി തിങ്കളാഴ്‌ച കോടതി പരിഗണിക്കുമെന്നും സീനിയർ പ്രോസിക്യൂഷൻ ഓഫിസർ എസ്.പി യാദവ് പറഞ്ഞു.
വൻ പ്രതിഷേധത്തിനൊരുങ്ങി കർഷകർ
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് കർഷകർക്ക് നേരെ അക്രമം ഉണ്ടായതെന്നും അതിനാൽ മന്ത്രിയെയും മന്ത്രിയുടെ മകനെയും അറസ്റ്റ് ചെയ്യണമെന്നുമാണ് കർഷകരുടെ ആവശ്യം. ഒക്‌ടോബർ 11ന് മുന്നോടിയായി ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ലഖിംപുരിൽ നിന്ന്, കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്‌മവുമായി 'ശഹീദ് കിസാൻ യാത്ര' നടത്തുമെന്നും സംയുക്‌ത കിസാൻ മോർച്ച വ്യക്തമാക്കി.
ഒക്‌ടോബർ 18ന് രാവിലെ പത്ത് മുതൽ നാല് വരെ 'റെയിൽ രോകോ പ്രതിഷേധം' സംഘടിപ്പിക്കാനും ഒക്‌ടോബർ 26ന് ലഖ്‌നൗവിൽ മഹാപഞ്ചായത്ത് നടത്താനും കർഷക സംഘടന തീരുമാനിച്ചിട്ടുണ്ട്. അജയ് മിശ്രയെ ക്യാബിനറ്റിൽ നിന്നും പുറത്താക്കണമെന്നും കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യണമെന്നും എസ്‌കെഎം ആവശ്യപ്പെട്ടു.
READ MORE: ലഖിംപൂര്‍ ഖേരി: പ്രസിഡന്‍റ് രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ചക്ക് ശ്രമിച്ച് കോൺഗ്രസ്