ബസ്‌തി: ബുദ്ധിമുട്ടുകളുമായി മുന്നോട്ടുപോകുമ്പോള്‍ ലോട്ടറിയടിച്ച് ഒറ്റദിവസം കൊണ്ട് കോടീശ്വരന്മാരായ ആളുകളുടെ കഥ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. അബദ്ധത്തില്‍ അക്കൗണ്ടിലേക്ക് ഭീമന്‍ തുക വന്നെത്തിയ ഹ്രസ്വകാല കോടീശ്വരന്മാരുടെ വാര്‍ത്തകളും സുപരിചിതമാണ്. എന്നാല്‍ യാതൊരു അറിവും കൂടാതെ തന്‍റെ അക്കൗണ്ടിലേക്ക് ബില്യണ്‍ കണക്കിന് രൂപ എത്തിയത് മുഖേന ഉറക്കം നഷ്‌ടപ്പെട്ടിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ബസ്‌തി ജില്ല നിവാസിയായ ശിവ്‌പ്രസാദ്.
കോടീശ്വരനാണ്, എന്നാല്‍ അക്കൗണ്ട് ഉടമ അറിഞ്ഞില്ല: ലാല്‍ഗഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബടാനിയ ഗ്രാമനിവാസിയാണ് മാര്‍ബിള്‍ ഗ്രൈന്‍ഡിങ് തൊഴിലാളിയായ ശിവ്‌പ്രസാദ്. കഴിഞ്ഞദിവസം ഇയാളെ തേടി ആദായ നികുതി വകുപ്പിന്‍റെ നോട്ടിസ് എത്തിയതോടെയാണ് താന്‍ കോടീശ്വരനായിരുന്നുവെന്ന വിവരം ശിവ്‌പ്രസാദ് തന്നെ മനസിലാക്കുന്നത്. ഡല്‍ഹിയിലെ ജോലിയെല്ലാം തീര്‍ത്ത് മടങ്ങിയെത്തിയപ്പോഴാണ് ഇയാള്‍ക്ക് ആദായ വകുപ്പിന്‍റെ നോട്ടിസ് ലഭിക്കുന്നത്.
താങ്കളുടെ അക്കൗണ്ടില്‍ 221 കോടി 30 ലക്ഷം രൂപയുള്ളതിനാല്‍ ഇതില്‍ നിന്നും 4.58 ലക്ഷത്തിലധികം ആദായ നികുതി ഇനത്തില്‍ തിരിച്ചുപിടിച്ചിട്ടുണ്ടെന്നായിരുന്നു നോട്ടിസിന്‍റെ ഉള്ളടക്കം. സംഭവം വായിച്ച് സ്ഥലകാലബോധം വീണ്ടെടുത്തതോടെ ശിവ്‌പ്രസാദ് ലാല്‍ഗഞ്ച് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
തട്ടിപ്പിനെതിരെ പരാതി: തന്‍റെ പേരിലുണ്ടെന്ന് പറയുന്ന ഈ അക്കൗണ്ടിനെ കുറിച്ച് എനിക്ക് അറിയില്ല. ആരാണ് ഇത്രയും തുക അതില്‍ നിക്ഷേപിച്ചതെന്നും അറിയില്ല. 2019 ല്‍ തന്‍റെ പാന്‍ കാര്‍ഡ് നഷ്‌ടപ്പെട്ടിരുന്നുവെന്നും ഇത് കൈവശം ലഭിച്ച ആരെങ്കിലും അക്കൗണ്ട് ആരംഭിച്ച് തട്ടിപ്പ് നടത്തിയതാവാമെന്നും ഇയാള്‍ പരാതിയില്‍ ആരോപിച്ചു. പരാതിയിന്മേല്‍ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതേസമയം താന്‍ അറിയാതെ തന്‍റെതായി മാറിയ ഭീമന്‍ തുക വരുത്തിവച്ച തലവേദനയുമായി മുന്നോട്ടുപോവുകയാണ് ശിവ്‌പ്രസാദ്.