മഥുര (യുപി): ഉത്തര്‍പ്രദേശിലെ മഥുരയില്‍ ശ്രീകൃഷ്‌ണ ജന്മഭൂമി-ശാഹി ഇദ്‌ഗാഹ് മസ്ജിദ് തര്‍ക്ക കേസില്‍ ജില്ല കോടതി മെയ് 19ന് വിധി പ്രസ്‌താവിക്കും. വ്യാഴാഴ്‌ച കേസിലെ വാദം പൂർത്തീയായിരുന്നു. കൃഷ്‌ണ ജന്മഭൂമിക്ക് സമീപമുള്ള കത്ര കേശവ ദേവ് ക്ഷേത്ര സമുച്ചയത്തിനോട് ചേര്‍ന്നുള്ള 13.37 ഏക്കര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പള്ളി പൊളിച്ച് നീക്കി ഭൂമി തിരികെ ക്ഷേത്രത്തിന് നല്‍കണമെന്നാണ് ഹര്‍ജി.
1669-70 കാലഘട്ടത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് പണി കഴിപ്പിച്ചതാണ് പള്ളി. പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ നേരത്തെ മഥുരയിലെ സിവില്‍ കോടതി തള്ളിയിരുന്നു. ലക്‌നൗ സ്വദേശി രഞ്ജന അഗ്നിഹോത്രിയും മറ്റ് ആറ് പേരും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സെഷന്‍സ് ജഡ്‌ജി രാജീവ് ഭാരതി വിധി പ്രസ്‌താവിക്കുന്നത്.
ഹിന്ദു ആര്‍മി മേധാവി മനീഷ് യാദവ്, അഭിഭാഷകനായ മഹേന്ദ്ര പ്രതാപ് സിങ് മുഖേന മറ്റ് അഞ്ച് പേര്‍ എന്നിവരാണ് തര്‍ക്ക കേസില്‍ മറ്റ് രണ്ട് ഹര്‍ജികള്‍ സമർപ്പിച്ചിരിക്കുന്നത്. സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഷാഹി ഈദ്ഗാഹ് മസ്‌ജിദ്, ശ്രീകൃഷ്‌ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീ ജന്മഭൂമി സേവ സൻസ്ഥാൻ എന്നിവരാണ് കേസിലെ കക്ഷികള്‍.