ന്യൂഡൽഹി: കറൻസി നോട്ടുകളിൽ ലക്ഷ്‌മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇന്ത്യ സാമ്പത്തികമായി പുരോഗതി കൈവരിക്കാൻ കറൻസി നോട്ടുകളുടെ ഒരു വശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും മറുവശത്ത് ഗണപതിയുടെയും ലക്ഷ്‌മി ദേവിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് കെജ്‌രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്‌താവന വലിയ ചർച്ചയാകുകയും ചെയ്‌തു.
രാജ്യത്തെ 130 കോടി ജനങ്ങളുടെ ആഗ്രഹമായാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്ന് കെജ്‌രിവാൾ കത്തിൽ പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരെ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും ഇന്നും ഇന്ത്യ വികസ്വര രാജ്യങ്ങളുടെ പട്ടികയിലാണുള്ളതെന്നും കത്തിൽ പറയുന്നുണ്ട്. ശരിയായ നയവും കഠിനാധ്വാനവും ദൈവാനുഗ്രഹവും ഉണ്ടെങ്കിൽ മാത്രമേ രാജ്യം പുരോഗമിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ട് ആം ആദ്‌മി പാർട്ടിയുടെ ഹിന്ദു വിരുദ്ധ മുഖം മറച്ചുപിടിക്കാനുള്ള കെജ്‌രിവാളിന്‍റെ വിഫലശ്രമം മാത്രാമാണിതെന്ന് ബിജെപി പ്രതികരിച്ചു.