ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെ ദേശീയ സഖ്യം രൂപീകരിക്കാനുള്ള നീക്കം ശക്തമാക്കി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം വിവിധ നേതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ദേശീയതല രാഷ്‌ട്രീയ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് റാവു രാജ്യതലസ്ഥാനത്ത് എത്തിയത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ കെ സി ആര്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും, 2024 ലെ പൊതുതെരഞ്ഞെടുപ്പിലെ സഖ്യത്തെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തതായാണ് പുറത്തുവരുന്ന വിവരം.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും കെസിആര്‍ കൂടിക്കാഴ്‌ച നടത്തി. തുടര്‍ന്ന് കേന്ദ്രഭരണ പ്രദേശത്തെ വിവിധ സ്‌കൂളുകളിലും ഇരുനേതാക്കളും എത്തി. വിദ്യാലയങ്ങള്‍ക്ക് പുറമെ ഡല്‍ഹിയിലെ ആരോഗ്യ കേന്ദ്രങ്ങളും റാവു സന്ദര്‍ശിക്കും.
ഇന്ന് ( 22 മെയ് ) വൈകുന്നേരമാണ് അരവിന്ദ് കെജ്രിവാളിനൊപ്പമുള്ള കെസിആറിന്‍റെ ആശുപത്രികളിലെ സന്ദര്‍ശനം തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് ചണ്ഡിഗഡ് പര്യടനം നടത്തുന്ന തെലങ്കാന മുഖ്യമന്ത്രി കര്‍ഷകസമരത്തിനിടെ ജീവന്‍ നഷ്‌ടമായവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കും. ഓരോ കുടുംബത്തിനും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കും.
പഞ്ചാബ്- ഡല്‍ഹി മുഖ്യമന്ത്രിമാരായ ഭഗ്‌വന്ത് സിങ് മാന്‍, അരവിന്ദ് കെജ്രിവാള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ധനസഹായ വിതരണം. കേന്ദ്രസര്‍ക്കാരിനെതിരായ മൂന്നാം മുന്നണിയുടെ രൂപീകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയില്‍ കെസിആര്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും ചര്‍ച്ച നടത്തിയിരുന്നു. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്‌ച.