ബെംഗളൂരു : സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ജവഹർലാൽ നെഹ്‌റുവിന്‍റെ ചിത്രം ഉൾപ്പെടുത്താത്തതിനെ ചൊല്ലിയുള്ള കര്‍ണാടകയിലെ വിവാദം ചൂടുപിടിക്കുന്നു. കർണാടക സർക്കാർ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പരസ്യത്തിലെ നടപടിയെ അനുകൂലിച്ച് ബി.ജെ.പി നേതാവ് എൻ രവികുമാർ രംഗത്തെത്തി. നെഹ്‌റുവിന്‍റെ ചിത്രം ബോധപൂർവമാണ് ഒഴിവാക്കിയതെന്നാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശം. ഇതോടെ 'പരസ്യവിവാദം' സംസ്ഥാനത്ത് ആളിക്കത്തുകയാണ്.
ജവഹർലാൽ നെഹ്‌റു രാജ്യവിഭജനത്തിന് കാരണക്കാരനായ ആളാണ്. മഹാത്മാഗാന്ധിയുടെ വാക്ക് കേള്‍ക്കാന്‍ നെഹ്‌റു തയ്യാറായില്ല. സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ് പിരിച്ചുവിടാൻ ഗാന്ധി പറഞ്ഞു. എന്നാൽ, നെഹ്‌റു കോൺഗ്രസിനെ പിരിച്ചുവിട്ടില്ല. അതുകൊണ്ടാണ് പരസ്യത്തിൽ നെഹ്‌റുവിന്‍റെ ചിത്രം ഒഴിവാക്കിയതെന്ന് രവികുമാർ സംസ്ഥാന സർക്കാര്‍ നീക്കത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.
'ഫോട്ടോ വയ്ക്കരുതെന്നത് ഉറച്ച തീരുമാനം': 'നെഹ്‌റുവിന്‍റെ ചിത്രം ബോധപൂർവം ഒഴിവാക്കിയതാണെന്നാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞത്. അതെ, ഞങ്ങള്‍ നെഹ്‌റുവിന്‍റെ ഫോട്ടോ മനപ്പൂര്‍വം ഒഴിവാക്കിയത് തന്നെയാണ്. വിഭജനത്തിന്‍റെ ഇരുണ്ട ഓർമ ഞങ്ങൾ ആഘോഷിക്കുകയാണ്. മഹാത്മാഗാന്ധിയെ അനുസരിക്കാതെ രാജ്യം വിഭജിക്കാൻ കാരണക്കാരനായ നെഹ്‌റുവിന്‍റെ ഫോട്ടോ വയ്ക്കരുതെന്ന് തന്നെയാണ് തീരുമാനം'. ബെംഗളൂരു കണ്‌ഠീരവ സ്‌റ്റേഡിയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രവികുമാര്‍ പറഞ്ഞു.
READ MORE| നെഹ്‌റു ഇല്ലാതെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക; കർണാടക സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം
ഓഗസ്റ്റ് 14 ന് കർണാടക സർക്കാർ, പത്രങ്ങളിൽ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിലാണ് ജവഹർലാൽ നെഹ്‌റുവിന്‍റെ ഫോട്ടോ ഉൾപ്പെടുത്താതിരുന്നത്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ 'ആർ.എസ്.എസ് അടിമ' എന്ന് വിളിച്ചിരുന്നു.