ബെംഗളൂരു: വിചാരണ കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ച വയോധികന്‍റെ ശിക്ഷ നടപടിയിൽ മാറ്റം വരുത്തി കർണാടക ഹൈക്കോടതി. പ്രതിയുടെ പ്രായം കണക്കിലെടുത്ത് മൂന്ന് ദിവസത്തെ തടവും 10,000 രൂപ പിഴയും കൂടാതെ, 2023 ഫെബ്രുവരി 20 മുതൽ ഒരു വർഷത്തേക്ക് ശമ്പളമില്ലാതെ അങ്കണവാടിയിൽ സേവനമനുഷ്‌ഠിക്കാനുമാണ് കോടതി ഉത്തരവ്. ആയുധം കൊണ്ട് ഒരാളെ ആക്രമിച്ച കേസിലെ പ്രതിയായ ദക്ഷിണ കന്നട സ്വദേശി ഐതപ്പ നായികിന്‍റെ (81) ശിക്ഷ വിധിയിലാണ് മാറ്റം വരുത്തിയത്.
2008ലായിരുന്നു കേസിനാസ്‌പദമായ സംഭവം. ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്‌വാല സ്വദേശി ഐതപ്പ നായിക് ഒരാളെ ആയുധം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഐതപ്പയെ പൊലീസ് പിടികൂടി. വിചാരണക്കോടതി പ്രതിക്ക് രണ്ട് വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു. തുടർന്ന്, ഉത്തരവ് ചോദ്യം ചെയ്‌ത് ഐതപ്പ നായിക് കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകി. ജസ്റ്റിസ് ആർ നടരാജാണ് ഹർജിയിൽ വാദം കേട്ടത്.
പ്രതിയുടെ പ്രായം കണക്കിലെടുക്കണമെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അദ്ദേഹത്തിന് 81 വയസുണ്ട്, കുട്ടികളില്ല, പ്രായമായ ഭാര്യയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട് എന്നൊക്കെയുള്ള വിഷയങ്ങൾ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മാത്രമല്ല, സാമൂഹിക സേവനം ചെയ്യാൻ തയ്യാറാണെന്നും കോടതിയെ അറിയിച്ചു. തുടർന്നാണ് വയോധികന്‍റെ ശിക്ഷ നടപടിയിൽ ഹൈക്കോടതി മാറ്റം വരുത്തിയത്.