ബെംഗളൂരു: വനിത ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പരസ്യമായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇരുവരെയും കര്‍ണാടക സര്‍ക്കാര്‍ സ്ഥലം മാറ്റി. ഇരുവരുടെയും പുതിയ പദവികള്‍ എന്തെന്ന് വ്യക്തമാക്കാതെയാണ് സര്‍ക്കാരിന്‍റെ നടപടി. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വാക്‌പോര് അതിരുകടന്നതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയ്‌ക്ക് മുതിര്‍ന്നത്.
സര്‍ക്കാരിനെ കുഴപ്പത്തിലാക്കി തര്‍ക്കം: സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഹിന്ദു മത സ്വത്തവകാശ കമ്മിഷണറായ രോഹിണി സിന്ധൂരി ഐഎഎസും കരകൗശല വികസന കോര്‍പ്പറേഷന്‍ ഐജി ഡി. രൂപ മൗഡ്‌ഗിലുമായുള്ള അതിരുകടന്നുള്ള വാഗ്വാദം സംസ്ഥാനത്തെ വിവാദ വിഷയമായിരുന്നു. സര്‍വേ സെറ്റില്‍മെന്‍റ് & ലാന്‍ഡ് റെക്കോഡ് കമ്മിഷണറായിരുന്ന രൂപ മൗഡ്‌ഗിലിന്‍റെ ഭര്‍ത്താവായ മുനിഷ് മൗഡ്‌ഗിലിനെ പേഴ്‌സണല്‍ & അഡ്‌മിനിട്രേറ്റീവ് റിഫാംസ് വകുപ്പിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് ഉടനടി സ്ഥലം മാറ്റിയിരുന്നു. രണ്ട് മുതിര്‍ന്ന വനിത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വാക്കുതര്‍ക്കം സര്‍ക്കാരിന് വലിയ തലവേദന ആയതോടെ നിരവധി മന്ത്രിമാര്‍ ഇരുവരുടെയും പെരുമാറ്റത്തില്‍ അതൃപ്‌തി അറിയിച്ച് എത്തി.
കൂടാതെ, സര്‍വിസിലെ നിയമ ലംഘനം ചൂണ്ടിക്കാട്ടി ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരുവരുടെയും പ്രവര്‍ത്തിയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് ആവശ്യപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന്‍റെ നടപടി.
പരസ്‌പരം ചെളി വാരിയെറിഞ്ഞ് ഇരുവരും: പരസ്‌പരം പഴി ചാരി ഇരുവരും ചീഫ് സെക്രട്ടറി വന്ദിത ശര്‍മയ്‌ക്ക് പരാതി നല്‍കിയിരുന്നു. രോഹിണി സിന്ധൂരി ജാലഹള്ളിയില്‍ നിര്‍മിക്കുന്ന പുതിയ വീടിനായി കോടികള്‍ ചിലവഴിച്ചതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് രൂപ ആരോപിച്ചു. രോഹിണി ഐഎഎസിന്‍റെ അഴിമതിയ്‌ക്കെതിരെയാണ് തന്‍റെ പരാതിയെന്ന് രൂപ തന്‍റെ ട്വീറ്റില്‍ വ്യക്തമാക്കി.
'രോഹിണിയുടെ അഴിമതിയെക്കുറിച്ച് പൊതുസമൂഹത്തിന് വ്യക്തമാണ്. ദയവായി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക. എന്‍റെ നിശബ്‌ദതയോട് സഹകരിക്കുക, കാരണം ഇതുമായി ബന്ധപ്പെട്ട ഒന്നിനോടും ഞാന്‍ പ്രതികരിക്കാന്‍ തയ്യാറല്ല'-രൂപ ട്വിറ്ററില്‍ കുറിച്ചു.
ജാലഹള്ളിയില്‍ നിര്‍മിക്കുന്ന കൂറ്റന്‍ വീടിനായി ഇറ്റലിയില്‍ നിന്നും എത്തിച്ച ഫര്‍ണിച്ചറിന് മാത്രം ഒന്ന് മുതല്‍ രണ്ട് കോടി രൂപ വരെയാണ് രോഹിണി ചിലവഴിച്ചത്. ഇതിനെക്കുറിച്ച് അവര്‍ പ്രതികരിച്ചില്ല. വാതിലില്‍ ഘടിപ്പിക്കുന്ന വിജാഗിരിയ്‌ക്ക് മാത്രം ആറ് ലക്ഷം രൂപയും ജര്‍മന്‍ വീട്ടുപകരണങ്ങള്‍ക്ക് 26 ലക്ഷവും ചിലവഴിച്ചുവെന്ന് ചീഫ് സെക്രട്ടറിയ്‌ക്ക് നല്‍കിയ പരാതിയില്‍ രൂപ ആരോപിക്കുന്നു.
ചീഫ് സെക്രട്ടറിയ്‌ക്ക് പരാതി: ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്ക് എതിരെയുള്ള പരാതിയിന്‍മേല്‍ എത്രയും വേഗം തന്നെ അന്വേഷണം ആരംഭിക്കണമെന്ന് പറഞ്ഞ രൂപ, രോഹിണിയ്‌ക്കെതിരെയുള്ള അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ പുതിയ അന്വേഷണം ആരംഭിക്കാനും ആവശ്യപ്പെട്ടു. അതേസമയം, തനിയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഐപിഎസ് ഉദ്യോഗസ്ഥ ഉയര്‍ത്തിയ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി ഐഎഎസ് ഉദ്യോഗസ്ഥയും ചീഫ് സെക്രട്ടറിയ്‌ക്ക് പരാതി നല്‍കിയിരുന്നു.
വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പ്രതികരണമറിയിച്ചു. 'രാജ്യത്തെ സേവന പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാന്‍ ചീഫ് സെക്രട്ടറി വാക്കാലും രേഖാമൂലവും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അവര്‍ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് കരുതുന്നതായി' ബസവരാജ് ബൊമ്മെ വിഷയത്തില്‍ പ്രതികരിച്ചു.