മടിക്കേരി: കേരളത്തില്‍ കൊവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടി ശക്തമാക്കി കർണാടകം (Karnataka Govt. Makes Wearing of Face Masks Mandatory). 60 വയസുന് മുകളിൽ പ്രായമുള്ളവരും, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരും, മറ്റ് രോഗാവസ്ഥകളുള്ളവരും നിർബന്ധമായി മാസ്‌ക് ധരിക്കണമെന്ന് കർണാടക സർക്കാര്‍ ഉത്തരവിട്ടു. അയൽ സംസ്‌ഥാനമായ കേരളത്തില്‍ കൊവിഡ് 19 ഉപവകഭേദമായ JN.1 (Covid Spread in Kerala) വര്‍ധിക്കുന്നത് കണക്കിലെടുത്താണ് നടപടിയെന്ന് കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു (Karnataka Health Minister Dinesh Gundu Rao).
രോഗ ലക്ഷണങ്ങളുള്ളവരില്‍ പരിശോധനകൾ വർധിപ്പിക്കുക, അതിർത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കുക എന്നീ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയതായി മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരിഭ്രാന്തി വേണ്ട. ആളുകളുടെ സഞ്ചാരത്തിനോ കൂടിച്ചേരലുകൾക്കോ ഇപ്പോൾ യാതൊരു നിയന്ത്രണവും ആവശ്യമില്ലെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
"ആരും ആശങ്കപ്പെടേണ്ടതില്ല. ഞങ്ങൾ സാങ്കേതിക ഉപദേശക സമിതിയുടേതടക്കമുള്ള യോഗങ്ങൾ ചേർന്നിരുന്നു. എന്തൊക്കെ നടപടികളാണ് കൈക്കൊള്ളേണ്ടതെന്നത് സംബന്ധിച്ച് ഞങ്ങളുടെ ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്‌ധരും തമ്മിൽ ചർച്ച നടത്തി. 60 വയസിനു മുകളിൽ പ്രായമുള്ളവരും, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരും, രോഗാവസ്ഥയുള്ളവരും നിർബന്ധമായി മാസ്‌ക് ധരിക്കണം." ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
കേരളവുമായി അതിർത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജനഗര എന്നീ അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കും. അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം, പരിശോധന വർധിപ്പിക്കാനുള്ള നിർദേശങ്ങളും നൽകി, രോഗലക്ഷണങ്ങള്ളവർ നിർബന്ധമായി പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
”അണുബാധ വർധിക്കുന്നുണ്ടോ ഇല്ലയോ എന്ന് രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് അറിയാനാകും. കൊവിഡ് പരിശോധകളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയാൽ സ്വീകരിക്കേണ്ട തുടർ നടപടികളെക്കുറിച്ച് അപ്പോൾ തീരുമാനിക്കും. ഇപ്പോൾ നിയന്ത്രണങ്ങളോ നിരോധനങ്ങളോ ഏർപ്പെടുത്തേണ്ട ആവശ്യമില്ല." മന്ത്രി പറഞ്ഞു.
തയ്യാറെടുപ്പ് വിലയിരുത്തുന്നതിന്‍റെ ഭാഗമായി എല്ലാ ആശുപത്രികളിലും ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മോക്ക് ഡ്രിൽ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കിടക്കകൾ, വെന്‍റിലേറ്ററുകൾ, ഓക്‌സിജൻ വിതരണം, മാസ്‌കുകൾ, പിപിഇ കിറ്റുകള്‍ എന്നിവയുടെ എണ്ണം പരിശോധിച്ചിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക്, ജില്ലാ ആശുപത്രികളിലും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ദിനേശ് ഗുണ്ടു റാവു കൂട്ടിച്ചേർത്തു.
ആശങ്കയില്‍ കേരളം: ഒമിക്രോണിന്‍റെ ഉപവകഭേദമായ ഒമിക്രോൺ ജെഎൻ1 ആണ് കേരളത്തിൽ പടരുന്നത്. വ്യാപന ശേഷി കൂടുതലുള്ള വകഭേദമാണ് ഇത്. സംസ്ഥാനത്തുണ്ടാകുന്ന കോവിഡ് മരണങ്ങൾ അതീവ ജാഗ്രത പുലര്‍ത്തേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് (JN1 omicrone variant).
lNSACOG യുടെ പഠനത്തിലാണ് കേരളത്തിൽ ഒമിക്രോൺ ജെഎൻ1 ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമാണ് lNSACOG.
നിലവിൽ മറ്റു രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഭൂരിഭാഗവും ജെഎൻ 1 വകഭേദമാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത 1492 കൊവിഡ് കേസുകളിൽ 1324 കേസുകളും കേരളത്തിൽ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.