ബെംഗളൂരു: കർണാടകയിൽ സ്‌കൂളുകളും കോളജുകളും വീണ്ടും തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഡോ. സി.എൻ അശ്വത് നാരായണൻ. ചർച്ചയ്‌ക്ക് ശേഷം ഇക്കാര്യം സംബന്ധിച്ച തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സ്‌കൂളുകളും കോളജുകളും അടച്ചിടുകയായിരുന്നു.
തീരുമാനം ചർച്ചയ്‌ക്ക് ശേഷം
എന്നാൽ രോഗ വ്യാപനതോത് കുറഞ്ഞതോടെ കർണാടകയിൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാമെന്ന് വിദഗ്ദ സമിതി നിർദേശിച്ചിരുന്നു. സ്കൂളുകൾ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നതായി തെളിവുകൾ ഇല്ല. അതിനാൽ സുരക്ഷിതമായ മാനദണ്ഡങ്ങളോടെ സ്കൂളുകൾ തുറന്ന് ക്ലാസുകൾ പുനഃരാരംഭിക്കാമെന്ന് കാർഡിയാക് സർജനായ ദേവി ഷെട്ടിയുടെ അധ്യക്ഷതയിലുള്ള സംഘം മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.
ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കാം
വിദ്യാർഥികൾക്ക് രോഗബാധ ഉണ്ടായാൽ ഓരോ വിദ്യാർഥിക്കും കുറഞ്ഞത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കാനും സമിതി നിർദ്ദേശിച്ചിരുന്നു. സ്‌കൂളുകളിൽ വൈദ്യസഹായത്തിനായി നഴ്‌സുമാരെയും കൗൺസിലർമാരെയും നിയമിക്കണമെന്നും സമിതി നിർദേശിച്ചു. തിരക്ക് ഒഴിവാക്കുന്നതിനും ശരിയായ സാമൂഹിക അകലം പാലിക്കുന്നതിനും ക്ലാസുകൾ വ്യത്യസ്‌ത ദിവസങ്ങളിലേക്കും ഷിഫ്റ്റുകളിലേക്കും മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
READ MORE: കർണാടകയിൽ സ്കൂളുകൾ തുറക്കാൻ വിദഗ്ദ സമിതിയുടെ നിർദേശം
ചർച്ചയ്‌ക്ക് ശേഷമെ ഇക്കാര്യം സംബന്ധിച്ച തീരുമാനമെടുക്കൂ. 18 വയസിനു മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ ഡ്രൈവിന്‍റെ അടിസ്ഥാനത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കുമെന്നും അശ്വത് നാരായണൻ പറഞ്ഞു. ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഓഫിസിലേക്ക് പോകണോ വേണ്ടായോ എന്നത് ആളുകൾ തീരുമാനിക്കും. ഇതിനായി ആരെയും നിർബന്ധിക്കില്ല. ഇഷ്ടമുള്ളിടത്തിരുന്നു ജോലി ചെയ്യാമെന്നും അശ്വത് നാരായണൻ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കർണാടകയിൽ 1,16,473 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.