തുമകുരു (കർണാടക): പുഴയിൽ മുങ്ങിത്താഴുന്ന സഹോദരിമാരെ അതിസാഹസികമായി രക്ഷിച്ച് ബസ് ഡ്രൈവർ. കർണാടക തുമകുരുവിലാണ് സംഭവം. കർണാടക ആർടിസിയിലെ ഡ്രൈവർ എം മഞ്ജുനാഥാണ് മനുഷ്യത്വപരമായ പ്രവർത്തനത്തിലൂടെ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയത്.
തുമകുരുവിലെ ഹന്ദികുണ്ടെ ഗ്രാമത്തിലെ അഗ്രഹാര തടാകത്തിൽ മുങ്ങിത്താഴുകയായിരുന്ന സഹോദരിമാരെയാണ് മഞ്ജുനാഥ് രക്ഷിച്ചത്. കർണാടക സിറ ഡിപ്പോയിലെ ജീവനക്കാരനാണ് ഇയാൾ. നാഗപ്പനഹള്ളിയിൽ നിന്ന് സിറയിലേക്കുള്ള യാത്രക്കിടയാണ് തടാകത്തിൽ രണ്ട് യുവതികൾ മുങ്ങിത്താഴുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.
പിന്നെ ഒന്നും നോക്കാതെ ബസ് വഴിയരികിൽ നിർത്തിയശേഷം മഞ്ജുനാഥ് തടാകത്തിലേക്ക് ചാടി ഇരുവരെയും രക്ഷിക്കുകയായിരുന്നു. തടാകത്തിൽ വസ്‌ത്രങ്ങൾ കഴുകാൻ എത്തിയതായിരുന്നു സഹോദരിമാർ. ഇതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.
സഹോദരിമാർ ബരഗുരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലാണ് രണ്ട് ജീവൻ രക്ഷിച്ചത്, ഇത് അഭിമാനമാണെന്നും കർണാടക ആർടിസി മാനേജിങ് ഡയറക്‌ടർ വി അൻബു കുമാർ ഐഎഎസ് പറഞ്ഞു.