ബെംഗളൂരു : സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിതെളിച്ച ഹിജാബ് - കാവിഷാള്‍ വിവാദത്തിന് അറുതി വരുത്താനായി പുതിയ നടപടി സ്വീകരിച്ച് കർണാടക സർക്കാർ. സമത്വത്തിനും അഖണ്ഡതയ്ക്കും ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു.
1983ലെ കർണാടക വിദ്യാഭ്യാസ നിയമം 133 (2) പ്രകാരം, വിദ്യാർഥികൾ യൂണിഫോം നിർബന്ധമായും ധരിക്കണം. സ്വകാര്യ സ്കൂൾ അഡ്മിനിസ്ട്രേഷന് അവർക്ക് ഇഷ്ടമുള്ള യൂണിഫോം തെരഞ്ഞെടുക്കാം. പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രീ-യൂണിവേഴ്‌സിറ്റി കോളജുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് ബോർഡിന്‍റെ, കോളജ് ഡെവലപ്‌മെന്റ് കമ്മിറ്റിയോ അപ്പീൽ കമ്മിറ്റിയോ തെരഞ്ഞെടുക്കുന്ന വസ്ത്രമാണ് വിദ്യാർഥികൾ ധരിക്കേണ്ടത്.
അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യൂണിഫോം തെരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ സമത്വത്തിനും അഖണ്ഡതയ്ക്കും പൊതു ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
ALSO READ:ചന്നിക്ക് സാധ്യത ; പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെയറിയാം
ജനുവരിയിൽ ഉടുപ്പിയിലും ചിക്കമംഗളൂരുവിലും വിദ്യാർഥിനികൾ ഹിജാബ് ധരിച്ച് ക്ലാസിൽ എത്താൻ തുടങ്ങിയത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധ സൂചകമായി മറ്റ് ചില വിദ്യാർഥികൾ കാവിഷാൾ ധരിച്ച് ക്ലാസിലെത്താൻ തുടങ്ങി. ക്രമേണ വിഷയം സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയും രാഷ്ട്രീയ പാർട്ടികൾ ഇടപെട്ടതോടെ വലിയ വിവാദമായി മാറുകയും ചെയ്തു.
കോൺഗ്രസ് നേതാക്കൾ ഹിജാബിനെ പിന്തുണച്ചപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ താലിബാന്‍ വത്‌ക്കരിക്കുന്നത് അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.