ന്യൂഡൽഹി: 1999ല്‍ നേപ്പാളിലെ കാഠ്‌മണ്ഡുവിൽ നിന്ന് ഇന്ത്യൻ എയർലൈൻസിന്‍റെ ഐസി - 814 വിമാനം പാക് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്, രാജ്യത്തെ ഏറെ ഞെട്ടിച്ച സംഭവമാണ്. 180 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നതുകൊണ്ട് തന്നെ തട്ടിക്കൊണ്ടുപോകല്‍ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സംഭവബഹുലമായ ആ റാഞ്ചല്‍ നടന്നതിന്‍റെ 24-ാം വര്‍ഷത്തില്‍, വിമാനത്തിലെ അന്നത്തെ പൈലറ്റിന്‍റെ സുപ്രധാനമായ വെളിപ്പെടുത്തല്‍ ഇപ്പോള്‍ പുറത്തുവന്നതോടെ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ക്യാപ്റ്റൻ ദേവി ശരണാണ്, റാഞ്ചലിനിടെയിലും മനോധൈര്യം കൈവിടാതെ ഭീകരരെയും പാക് ഉദ്യോഗസ്ഥരെയും 'ഭയപ്പെടുത്തിയ' ആ കരുത്തനായ പൈലറ്റ്.
പാക് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, ലാഹോറിലെ എയർ ട്രാഫിക് കൺട്രോളിനെ (എടിസി) ഭയപ്പെടുത്തി എന്ന തരത്തിലാണ് പൈലറ്റിന്‍റെ വെളിപ്പെടുത്തല്‍. വിമാനം പാകിസ്ഥാനിലെ ഹൈവേയിൽ ഇടിച്ചിറക്കുമെന്ന തരത്തില്‍ എടിസിയെ തെറ്റിദ്ധരിപ്പിക്കാന്‍ 'രഹസ്യനീക്കം' നടത്തിയെന്നതാണ് ക്യാപ്റ്റൻ ദേവി ശരണ്‍ പറയുന്നത്. പാക് അധികൃതരെ ചെവിക്കൊള്ളാതെ ക്യാപ്റ്റൻ ശരൺ, സഹ പൈലറ്റ് രജീന്ദർ കുമാർ, ഫ്ലൈറ്റ് എഞ്ചിനീയർ എകെ ജഗ്ഗിയ എന്നിവർ വിമാനം ലാഹോർ എയര്‍പോര്‍ട്ടില്‍ ഇറക്കാൻ നീക്കം നടത്തുകയായിരുന്നു.
അപകടമുണ്ടാവാതെ രക്ഷപ്പെട്ടുവെന്ന് ജഗ്ഗിയ, സംഭവിച്ചത് ?: ഇക്കാര്യത്തേക്കുറിച്ച് ഫ്ലൈറ്റ് എഞ്ചിനീയർ എകെ ജഗ്ഗിയ അദ്ദേഹം മരിക്കുന്നതിന് മുന്‍പ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അക്കാര്യം കൂടെ ഒന്ന് നോക്കാം: 'വിമാനം എയര്‍പോര്‍ട്ടിലെ റൺവേയിലേക്ക് ഇറക്കാന്‍ ശ്രമിക്കവെ അധികൃതര്‍ അനുമതി നിഷേധിക്കുകയും അവിടുത്തെ ലൈറ്റുകൾ ഓഫ് ചെയ്യുകയുമുണ്ടായി. വിമാനത്തിൽ ഇന്ധനം കുറഞ്ഞ അവസ്ഥ കൂടെയായിരുന്നു അത്. ആ സമയം, റൺവേ കണ്ടെത്താൻ ഇരുട്ടിൽ തപ്പിനോക്കേണ്ട സ്ഥിതിയാണുണ്ടായത്. ഇക്കാരണത്താല്‍ തന്നെ, റൺവേയാണെന്ന് തെറ്റിദ്ധരിച്ച് വിമാനം ഹൈവേയിൽ തൊടുമെന്ന സന്ദര്‍ഭമുണ്ടായി. പിന്നീട്, ഹൈവേയാണെന്ന് മനസിലാക്കുകയും തുടര്‍ന്ന് പെട്ടെന്ന് മുകളിലേക്കുയര്‍ത്തുകയും ചെയ്‌തു. അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സാഹചര്യവുമായിരുന്നു അത്.'- ജഗിയ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ക്യാപ്റ്റൻ ദേവി ശരണ്‍ പറയുന്നത്...: ജഗ്ഗിയ പറഞ്ഞ ആ കാര്യം അറിഞ്ഞുകൊണ്ടുള്ള നീക്കമായിരുന്നെന്നും അത് തന്‍റെ 'സൂത്ര'മായിരുന്നെന്നുമാണ് ക്യാപ്റ്റൻ ദേവി ശരണ്‍ പറയുന്നത്. ഇതേക്കുറിച്ച് സഹ പൈലറ്റ് പോലും അറിയാൻ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ശരൺ വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. തനിക്ക് മാത്രമേ അതിനെക്കുറിച്ച് അറിയുമായിരുന്നുള്ളൂ. കോക്‌പിറ്റിൽ തന്‍റെ പുറകിൽ രണ്ട് തീവ്രവാദികള്‍ നിൽക്കുകയായിരുന്നു. തന്‍റെ സഹ പൈലറ്റുമായോ മറ്റ് ആളുകളുമായോ എന്ത് സംസാരിച്ചാല്‍ പോലും അവർ എല്ലാം മനസിലാക്കുമായിരുന്നു. അതിനാൽ ചില കാര്യങ്ങൾ പുറത്ത് പറയാതിരിക്കാന്‍ താന്‍ പ്രത്യേകം തീരുമാനിച്ചുവെന്നും ക്യാപ്റ്റൻ ശരൺ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.
വ്യോമയാന സുരക്ഷ വാരാചരണത്തിന്‍റെ ഭാഗമായി ജൂലൈ 31 മുതൽ ഓഗസ്റ്റ് അഞ്ച് വരെ നടന്ന ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വാര്‍ത്താഏജന്‍സിയോട് പറഞ്ഞത്. വിമാനത്തില്‍ ഘടിപ്പിച്ച 'ട്രാൻസ്‌പോണ്ടർ' എന്ന ഉപകരണം ഉള്ളതിനാല്‍ എടിസിക്ക് ലൊക്കേഷൻ വിവരം ലഭിക്കും. ഈ ഉപകരണത്തിന്‍റെ സഹായത്തോടെ അവര്‍ക്ക് വിമാനം ഏത് ഭാഗത്തുകൂടെയാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമാവുന്നതിനാല്‍ തന്നെയാണ് ആ കാര്യം മനസില്‍ 'ആസൂത്രണം' ചെയ്‌തത്.
വിമാനം ഇറക്കാൻ ലാഹോർ എടിസി അനുമതി നിഷേധിച്ചപ്പോൾ വിമാനം ഇടിച്ചിറക്കാന്‍ പോകുന്നതായി കാണിക്കുകയും തന്‍റെ ആ സൂത്രം ഫലം കാണുകയുമുണ്ടായി. ഇതോടെ, എടിസിയിൽ നിന്ന് ഉടൻ അറിയിപ്പ് ലഭിക്കുകയും തങ്ങൾ സുരക്ഷിതമായി അവിടെ ഇറങ്ങുകയുമുണ്ടായി. ഈ രഹസ്യത്തെക്കുറിച്ച് സഹ പൈലറ്റിനോടും കൂടെയുണ്ടായിരുന്ന മറ്റുള്ളവരോട് പോലും താൻ ഒരിക്കലും പറഞ്ഞില്ലെന്നും ക്യാപ്റ്റൻ ശരൺ വ്യക്തമാക്കി.
യാത്രികരെ വിട്ടയച്ചത് ഒരു വര്‍ഷത്തിന് ശേഷം: 1999 ഡിസംബർ 24ന് വൈകിട്ട് നാലുമണിക്ക് കാഠ്‌മണ്ഡുവിൽ നിന്ന് പുറപ്പെട്ട് 40 മിനിറ്റുകൾക്ക് ശേഷം അഞ്ച് പാക് ഭീകരരാണ് വിമാനം തട്ടിക്കൊണ്ടുപോയത്. വിമാനത്തിലെ യാത്രികരായിരുന്ന 180 യാത്രക്കാരെ എട്ട് ദിവസത്തോളമാണ് ഭീകരവാദികള്‍ തടവിലാക്കിയത്. വിമാനം അഫ്‌ഗാനിലെ കാഠ്‌മണ്ഡുവിൽ നിന്ന് പാകിസ്ഥാനിലെ അമൃത്സറിലേക്കും തുടർന്ന് ലാഹോറിലേക്കും ഭീകരര്‍ കൊണ്ടുപോയി. അവിടെ നിന്ന് ഇന്ധനം നിറച്ച് വീണ്ടും ദുബായിലേക്കും തുടര്‍ന്ന് കാണ്ഡഹാറിലേക്കും. ശേഷം, എല്ലാ യാത്രക്കാരെയും 2000 ഡിസംബർ 31ന് വിട്ടയക്കുകയായിരുന്നു.