ന്യൂഡൽഹി : പാൻ ഇന്ത്യൻ സിനിമകൾ പുതുതല്ലെന്ന് കമൽ ഹാസൻ. പാൻ ഇന്ത്യ എന്ന പദം മാത്രമാണ് പുതിയ സൃഷ്‌ടി. പാൻ ഇന്ത്യൻ സിനിമകൾ മുൻപും ഉണ്ടായിട്ടുണ്ട്. മുഗള്‍-ഇ-അസം, ചെമ്മീൻ തുടങ്ങി ഭാഷകൾക്കതീതമായി പ്രചാരം നേടി സിനിമകൾ നിരവധി ഉണ്ടായിട്ടുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു.
ഒരു പാൻ ഇന്ത്യ സിനിമയുടെ വിജയം അതിന്‍റെ സാർവത്രികതയെയും ചലച്ചിത്ര നിർമാണത്തിന്‍റെ ഗുണനിലവാരത്തെയും ആശ്രയിച്ചിരിക്കുന്നു. പാൻ ഇന്ത്യൻ ചിത്രങ്ങൾ എപ്പോഴും ഉണ്ടായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത പുതിയ ചിത്രം 'വിക്ര'ത്തിന്‍റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സംവിധായകൻ ശാന്താറാം പാൻ ഇന്ത്യൻ സിനിമകൾ ചെയ്‌തിട്ടുണ്ട്. പഡോസൻ ഒരു പാൻ ഇന്ത്യൻ ചിത്രമാണ്. പഡോസൻ എന്ന ചിത്രത്തിൽ മെഹ്‌മൂദ് ഏതാണ്ട് തമിഴാണ് സംസാരിച്ചിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം മുഗൾ-ഇ-അസം ഒരു പാൻ ഇന്ത്യൻ ചിത്രമാണ്. ഇതൊന്നും നമ്മുടെ രാജ്യത്ത് പുതിയ കാര്യമല്ല. അമേരിക്കയിൽ നിന്ന് വ്യത്യസ്‌തമായി നമ്മുടെ രാജ്യത്ത് വ്യത്യസ്‌ത ഭാഷകളാണ് സംസാരിക്കുന്നതെങ്കിലും നാം ഒറ്റക്കെട്ടാണ്. അതാണ് ഈ നാടിന്‍റെ ഭംഗി' - കമൽ ഹാസൻ പറഞ്ഞു.
'ചെമ്മീൻ പാൻ ഇന്ത്യൻ ചിത്രം' : നമ്മൾ എപ്പോഴും പാൻ ഇന്ത്യൻ സിനിമകൾ നിർമിക്കാറുണ്ട്. സിനിമ എത്രത്തോളം മികച്ചതും സാർവത്രികവുമാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു സിനിമയുടെ പാൻ ഇന്ത്യൻ സ്വഭാവം. ചെമ്മീൻ എന്ന മലയാളം സിനിമ ഒരു പാൻ ഇന്ത്യന്‍ ചിത്രമായിരുന്നു. അത് ഡബ്ബ് പോലും ചെയ്‌തിട്ടില്ല. അതിൽ സബ്‌ടൈറ്റിലുകൾ ഇല്ലാതിരുന്നിട്ടുപോലും ആളുകൾ അത് ആസ്വദിച്ചുവെന്നും കമൽ ഹാസൻ പറഞ്ഞു.
നോർത്ത് - സൗത്ത് തർക്കത്തെ സംബന്ധിച്ച ചോദ്യത്തിന് താൻ ഒരു ഇന്ത്യൻ ആണെന്നായിരുന്നു താരത്തിന്‍റെ മറുപടി. "താജ്‌മഹൽ എന്‍റേതാണ് മധുര ക്ഷേത്രവും അങ്ങനെ തന്നെ, എന്നാല്‍ അവ നിങ്ങളുടേതുമാണ്. കശ്‌മീർ എത്രത്തോളം എന്‍റേതാണോ അത്രത്തോളം കന്യാകുമാരിയും നിങ്ങളുടേതാണ്" - താരം കൂട്ടിച്ചേർത്തു. കമൽ ഹാസന്‍റെ ഉത്തരങ്ങൾക്ക് ഉയർന്ന കരഘോഷങ്ങളിലൂടെയാണ് ആരാധകർ മറുപടി നൽകിയത്.
ആക്ഷൻ ഡ്രാമയായ വിക്രത്തിൽ കമൽ ഹാസനൊപ്പം വിജയ് സേതുപതിയും വിക്രമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൂര്യ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ കാളിദാസ് ജയറാം, നരേൻ, ആന്‍റണി വർഗീസ്, അർജുൻ ദാസ് എന്നിവരും വേഷമിടുന്നു.
'സ്ക്രീൻ സ്‌പേസ് പങ്കിടുന്നത് ഞാൻ ആസ്വദിക്കുന്നു': ഫഹദ്, വിജയ് സേതുപതി എന്നിവരോടൊത്തുള്ള അഭിനയ അനുഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് 'ഒരു നല്ല ഭക്ഷണം നന്നായി പങ്കിട്ടു' എന്ന് താരം മറുപടി നൽകി. സ്ക്രീൻ സ്‌പേസ് പങ്കിടുന്നത് എങ്ങനെ ആസ്വദിക്കണമെന്ന് എന്‍റെ ഗുരു കെ.ബാലചന്ദർ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഫഹദും വിജയ് സേതുപതിയും എന്‍റെ ആരാധകരായതിനാൽ അവരോടൊപ്പം അഭിനയിക്കുന്നത് എനിക്ക് പ്രോത്സാഹനമായിരുന്നു.
രജനികാന്തിന്‍റെ രാഷ്‌ട്രീയ കാഴ്‌ചപ്പാട് വ്യത്യസ്‌തം : സൂപ്പർ സ്റ്റാർ രജനികാന്തുമായുള്ള ബന്ധത്തെക്കുറിച്ചും കമൽ ഹാസൻ വാചാലനായി. വ്യത്യസ്‌ത തരത്തിലുള്ള സിനിമകളാണ് താനും രജനികാന്തും ചെയ്യുന്നത്. മറ്റുള്ളവർ ചെയ്‌ത പോലത്തെ സിനിമകൾ ചെയ്യാൻ ചിലപ്പോൾ ഞങ്ങൾ ശ്രമിക്കാറുണ്ട്. അദ്ദേഹം മുൻപ് സീരിയസ് സിനിമകൾ ചെയ്‌തിട്ടുണ്ട്. പക്ഷേ ഇപ്പോൾ ചെയ്യാറില്ല. വ്യത്യസ്‌ത സിനിമകളിലൂടെ പ്രേക്ഷകരെ രസിപ്പിക്കാനാണ് തനിക്കിഷ്‌ടമെന്നും കമൽ ഹാസൻ പറഞ്ഞു.
രജനികാന്ത് രാഷ്‌ട്രീയത്തിൽ നിന്നും ഒഴിവായതിനെ സംബന്ധിച്ച് അദ്ദേഹം വ്യത്യസ്‌തമായാണ് ചിന്തിക്കുന്നതെന്ന് കമൽ ഹാസൻ പറഞ്ഞു. എനിക്ക് മിതമായ രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളാണുള്ളത്. ആളുകളെയും രാഷ്ട്രീയത്തെയും കുറിച്ച് എനിക്ക് വ്യത്യസ്തമായ ഒരു തത്വശാസ്ത്രമുണ്ടെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.