ചെന്നൈ : ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം പോലും ലഭിക്കാതെ, നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം ഉന്നത വിദ്യാഭ്യാസം നേടിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു പെണ്‍കുട്ടി. ഇരുളര്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ട കെ റോജയാണ് പ്രതിസന്ധികളെ മനക്കരുത്താല്‍ തളച്ച് വെന്നിക്കൊടി പാറിച്ചത്. ഭരണകൂടത്തിന്‍റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയെ മറികടന്ന് ബിരുദവും ബിരുദാനന്ത ബിരുദവും കടന്ന് പി.എച്ച്.ഡി പഠനത്തില്‍ എത്തിനില്‍ക്കുകയാണ് ഈ മിടുമിടുക്കി.
വഴിത്തിരിവായി പ്രൊഫസറുടെ ഇടപെടല്‍ : തമിഴ്‌നാടിന്‍റെ വടക്കൻ മേഖലയായ വില്ലുപുരം ജില്ലയിലെ മാരൂർ ഗ്രാമത്തിൽ കാളിവരതന്‍റെയും കുമാരിയുടെയും മകളാണ് റോജ. മൂന്ന് കുട്ടികളില്‍ മൂത്തവളാണ്. നാല് വയസായപ്പോള്‍ വീട്ടുകാര്‍ റോജയെ അടുത്ത സർക്കാർ വിദ്യാലയത്തില്‍ ഔദ്യോഗികമായി അഡ്‌മിഷന്‍ എടുക്കാതെ ക്ലാസിലിരിക്കാന്‍ പറഞ്ഞയച്ചിരുന്നു. പഠനത്തില്‍ മികവ് പ്രകടിപ്പിച്ച വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ ചേര്‍ക്കണമെന്ന് പ്രധാനാധ്യാപകന്‍ നിര്‍ദേശിച്ചു.
ഇതേതുടര്‍ന്നാണ്, റോജയെ മാതാപിതാക്കള്‍ സ്‌കൂളില്‍ ചേര്‍ത്തത്. പിന്നീട്, 500 ൽ 275 മാർക്ക് നേടി എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചു. പ്ലസ് ടുവില്‍ 1200 ൽ 772 മാർക്കും നേടാന്‍ റോജയ്‌ക്കായി. ശേഷം, പ്രൊഫസറായ കല്യാണിയുടെ നിര്‍ദേശപ്രകാരം വില്ലുപുരം അരിഗ്‌നര്‍ അണ്ണ സര്‍ക്കാര്‍ കോളജിൽ ബി.എസ്.സി ബോട്ടണി കോഴ്‌സിന് ചേരാൻ അവള്‍ അപേക്ഷിച്ചു.
കാലം പുരോഗമിച്ചു, ലഭിക്കാതെ ജാതി സർട്ടിഫിക്കറ്റുകള്‍ : ഉന്നത വിദ്യാഭ്യാസം തങ്ങളുടെ കുടുംബത്തിന് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒന്നാണെന്ന് ഉറച്ചുചിന്തിച്ചവരായിരുന്നു റോജയുടെ മാതാപിതാക്കള്‍. കോളജിൽ ചേരാൻ അപേക്ഷിച്ചത് പോലും പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചില്ല. ഡിഗ്രി പഠനത്തിനായി കോളജിൽ എത്തിയപ്പോഴാണ് റോജയ്ക്ക് അര്‍ഹതപ്പെട്ട ഗോത്ര വിഭാത്തിന്‍റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ട് നേരിട്ടത്.
ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ആദ്യ ഘട്ടത്തില്‍ ബിരുദ പഠനത്തിന് സീറ്റ് ലഭിച്ചില്ല. എന്നാൽ, അവസാനഘട്ടത്തില്‍ ബോട്ടണി കോഴ്‌സില്‍ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രിന്‍സിപ്പാല്‍ പ്രവേശനം നൽകി. ജാതി സർട്ടിഫിക്കറ്റ് കിട്ടുന്നത് വരെ സ്‌കോളർഷിപ്പ് നൽകാനാവില്ലെന്ന് കോളജ് പ്രിൻസിപ്പൽ അറിയിച്ചു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന തനിക്ക് പഠനം തുടരാൻ ജാതി സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് അവള്‍ മനസിലാക്കി.
ശേഷം, ഇവിടെ പഠനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞ്, പ്രൊഫസർ കല്യാണിയുടെ സഹായത്തോടെ ഇരുളര്‍ ജാതി സർട്ടിഫിക്കറ്റ് നേടിയെടുത്തു. തുടര്‍ന്നാണ് സ്കോളർഷിപ്പും ലഭിച്ചത്. "സാങ്കേതിക വിദ്യ ഇത്രത്തോളം പുരോഗമിച്ചിട്ടും ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് ഇപ്പോഴും പ്രശ്‌നം നേരിടുകയാണ്. വിദ്യാഭ്യാസം നേടാനാവത്തതുകൊണ്ട് ഒരു തലമുറ ഇഷ്‌ടിക ചൂളയിൽ ജീവിതം തള്ളിനീക്കിയതില്‍ എനിക്ക് ഇപ്പോഴും ഖേദമുണ്ട്'' - റോജ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
എം.എസ്.സിയില്‍ 82 ശതമാനം മാർക്ക്: തന്‍റെ സഹോദരനെയും സഹോദരിയെയും സ്‌കൂളിൽ അയക്കാൻ കഴിഞ്ഞില്ല. ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം മാത്രമാണ് ലോകത്തിന് പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലായത്. ദാരിദ്ര്യം കാരണം തന്‍റെ മാതാപിതാക്കൾക്ക് അവരുടെ ചെറുപ്രായത്തില്‍ സ്‌കൂളിൽ പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടി പറയുന്നു.
തുടക്കത്തില്‍ ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും ബുദ്ധിമുട്ടായിരുന്നു റോജ, സപ്ലിമെന്‍ററി പരീക്ഷകളൊന്നുമില്ലാതെയാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇംഗ്ലീഷ് സ്വായത്തമാക്കി. എം.എസ്.സി ബോട്ടണിയില്‍ 82 ശതമാനം മാർക്കോടെയാണ് വിജയിച്ചത്.ഇത്രയും ശതമാനം മാർക്കോടെ വിജയിക്കുന്ന കോളജിലെ ആദ്യ വിദ്യാർഥിനി എന്ന റെക്കോര്‍ഡും റോജ കൈവരിച്ചു.
2017 ൽ മദ്രാസ് പ്രസിഡൻസി കോളജിൽ എം.ബി.എ കോഴ്‌സിന് ചേർന്നു. തുടര്‍ന്ന് അതിലും മിന്നുന്ന വിജയം കൈവരിച്ച് ഇപ്പോള്‍ ലയോള കോളേജിൽ പി.എച്ച്.ഡി ഗവേഷണ വിദ്യാര്‍ഥിയാണ് ഈ പെണ്‍കരുത്ത്. സാമൂഹിക, സാമ്പത്തിക നിലകള്‍ ബന്ധപ്പെടുത്തി വരേണ്യ സമൂഹം അവഹേളിച്ച് നിര്‍ത്തുന്ന ഒരു വിഭാഗത്തിന് ആകെ കരുത്തുപകരുന്നതാണ് റോജയുടെ ഈ തിളക്കമേറിയ നേട്ടങ്ങള്‍.