ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കുംഭമേള പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചതിന് പിന്നാലെ ചടങ്ങ് ശനിയാഴ്ച സമാപിക്കുമെന്ന് അറിയിച്ച് ജൂന അഖാഡ. നരേന്ദ്ര മോദി ഇന്ന് ജൂന അഖാഡ നേതൃസ്ഥാനി സ്വാമി അവ്ദേശാനന്ദ് ഗിരി, ആചാര്യ മഹാമണ്ഡലേശ്വർ എന്നിവരുമായി സംസാരിക്കുകയും സന്യാസികളുടെയും വിശ്വാസികളുടെയും ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച കുംഭമേളയിൽ പങ്കെടുത്ത നിരവധി സന്യാസിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മോദി ആശയവിനിയമം നടത്തിയത്.
Read More: കുംഭമേള പ്രതീകാത്മമായി നടത്തണമെന്ന് പ്രധാനമന്ത്രി
കുംഭമേളയുടെ പ്രധാന ചടങ്ങായ ആദ്യ ഷാഹി സ്നാനം മഹാശിവരാത്രി ദിവസമായ മാർച്ച് 11 നും രണ്ടാമത്തേത് ഏപ്രിൽ 14നും നടന്നിരുന്നു. രണ്ടാം ഷാഹി സ്നാനത്തിൽ 35 ലക്ഷം ഭക്തരാണ് പങ്കെടുത്തത്. കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയ മഹാ നിർവാണി അഖാഡ തലവൻ കപിൽ ദേവ് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബുധനാഴ്ച ഡെറാഡൂണിലെ ആശുപത്രിയിൽ മരണപ്പെട്ടിരുന്നു.