ഹൈദരാബാദ്: ജൂബിലി ഹില്‍സില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി എന്ന പരാതിയില്‍ ബിജെപി എംഎല്‍എ രഘുനന്ദന്‍ റാവുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 228എ വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തിനിടെ പുറത്തുവിട്ടു എന്നാണ് രഘുനന്ദന്‍ റാവുവിനെതിരെയുള്ള പരാതി.
പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ രഘുനന്ദന്‍ റാവു നീതിനിര്‍വഹണത്തില്‍ ഇടപെടുകയും അതിജീവിതയുടെ സ്വാഭാവഹത്യ നടത്തുകയുമാണ് ചെയ്‌തിരിക്കുന്നതെന്ന് പരാതിക്കാരന്‍ ആരോപിച്ചു. കൂട്ടബലാത്സംഗത്തില്‍ തിരിച്ചറിഞ്ഞ അഞ്ച് പ്രതികളില്‍ നാല് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. അറസ്‌റ്റ് ചെയ്യപ്പെട്ടവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്.
ജൂബിലി ഹില്‍സില്‍ വച്ച് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് പോകുന്നതിനിടയിലല്‍ മെയ് 28നാണ് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്കെതിരായി ലൈംഗിക അതിക്രമം തടയല്‍ ലക്ഷ്യമിട്ടുള്ള പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി പ്രതികള്‍ക്കെതിരായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.
ഒരു പബിന് പുറത്ത് പ്രതികള്‍ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്നതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് ആഢംബര കാറില്‍ കയറ്റിയായിരുന്നു പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് വിധേയമാക്കിയത്. ഒരോരുത്തരായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുമ്പോള്‍ കാറിന് ചുറ്റും മറ്റുള്ളവര്‍ കാവല്‍ നില്‍ക്കുകയായിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്.