ജയ്‌പൂർ: പാകിസ്ഥാൻ ഹിന്ദു അഭയാർഥികൾക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ച് ജോധ്പൂർ ജില്ലാ ഭരണകൂടം. കാളി ബെരി പ്രദേശത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാക്‌സിനേഷന്‍റെ കാര്യത്തിൽ കേന്ദ്രം പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങളിൽ ഒരു തരത്തിലും കുടിയേറ്റക്കാരെ ഒഴിവാക്കില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി അറിയിച്ചിരുന്നു. പാകിസ്ഥാൻ ഹിന്ദു അഭയാർഥികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനും അവർക്ക് റേഷൻ കിറ്റുകൾ നൽകാനും കോടതി നിർദേശിച്ചു. തുടർന്ന് ബാരി പ്രദേശത്തെ എല്ലാ അഭയാർഥികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ 'സീമാന്ത് ലോക് സംഗതൻ' എന്ന എൻജിഒ മുൻകൈയെടുത്തു.
Also Read: 7 വർഷം പൂർത്തിയാക്കി മോദി സർക്കാർ; 'സേവാ ദിവസ്' ആഘോഷിച്ച് ബിജെപി
ഇതുവരെ 200ലധികം അഭയാർഥികൾക്ക് വാക്‌സിനേഷൻ നടത്തി. തിരിച്ചറിയൽ രേഖകളുള്ള വ്യക്തികൾക്ക് മാത്രമാണ് വാക്‌സിനേഷൻ നടത്തിയത്. അതേസമയം കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മെയ് 24 മുതൽ ജൂൺ എട്ട് വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് രാജസ്ഥാൻ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജസ്ഥാനിൽ 2,314 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 70 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 8,71,283 ആണ്.