ശ്രീനഗർ: ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയതിന് ശേഷം ജമ്മു കശ്‌മീരിൽ തീവ്രവാദ കേസുകൾ വർധിച്ചതായി പൊലീസ്. മാർച്ച് 31 വരെ ജമ്മു കശ്‌മീരിൽ 20 തീവ്രവാദ കേസുകളും 41 കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്‌തതായി കണക്കുകൾ വ്യക്തമാക്കുന്നു. തീവ്രവാദ കേസുകളിൽ 30 ഭീകരരും ഒമ്പത് സുരക്ഷ ഉദ്യോഗസ്ഥരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടതായി കശ്‌മീർ പൊലീസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മാർച്ചിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
കഴിഞ്ഞ മൂന്നുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 2021ലെ ഭീകരവാദ കേസുകളിൽ കുറവുള്ളതായാണ് രേഖകൾ വ്യക്തമാക്കുന്നത്. 2019ലെ കണക്കുകളിൽ പുൽവാമ ഐഇഡി ആക്രമണവും ഉൾപ്പെടുന്നു. പൊലീസ് റിപ്പോർട്ട് പ്രകാരം ഈ വർഷം ജനുവരിയിൽ 10 തീവ്രവാദികളും ഒരു സുരക്ഷാസേന ഉദ്യോഗസ്ഥനും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ഫെബ്രുവരിയിൽ ഒമ്പത് തീവ്രവാദികൾ, മൂന്ന് സുരക്ഷാ സേനാംഗങ്ങൾ, ഒരു സിവിലിയൻ എന്നിവരുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു.
ഈ വർഷം ഏറ്റവും കൂടുതൽ ആളപായമുണ്ടായത് മാർച്ചിലാണ്. 11 തീവ്രവാദികൾ, അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർ, ഒരു സിവിലിയൻ എന്നിവരുൾപ്പെടെ 17 പേരാണ് കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ സൈന്യം വധിച്ച തീവ്രവാദികളുടെ എണ്ണമാണ് കണക്കുകളിൽ കൂടുതലും.