റാഞ്ചി : രാജ്യത്ത് ഇതുവരെയുള്ളതിൽ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ ജില്ലയെന്ന റെക്കോഡ് സ്വന്തമാക്കി ജാർഖണ്ഡിലെ പലാമു ജില്ല. മെറ്റീരിയോളജിക്കല്‍ ഡിപ്പാർട്ട്‌മെന്‍റിന്‍റെ കണക്കുകൾ പ്രകാരം ഏപ്രിൽ 12 ന് 44.8 ഡിഗ്രി സെൽഷ്യസാണ് പലാമുവിൽ താപനില രേഖപ്പെടുത്തിയത്. പലാമുവിന് പിന്നാലെ മധ്യപ്രദേശിലെ ഖജുരാഹോയിൽ 44.5 ഡിഗ്രി സെൽഷ്യസും ദാമോ 44.0, സത്‌ന ജില്ലകളിൽ 43.5 ഡിഗ്രി സെൽഷ്യസ് വീതവും താപനില രേഖപ്പെടുത്തി.
അതേസമയം രാജ്യത്ത് ഈ വർഷം പ്രത്യേകിച്ച് ഏപ്രിൽ രണ്ടാം വാരത്തിൽ താപനില അസാധാരണമായ രീതിയിൽ കുതിച്ചുയരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്തരേന്ത്യയിലെയും പടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലും കഴിഞ്ഞ ആഴ്‌ചയിൽ ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടത്.
രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. താരതമ്യേന തണുപ്പുള്ള കാശ്‌മീരിലും ഉയർന്ന താപനിലയാണ് ഇത്തവണ അനുഭവപ്പെട്ടത്. 1901 ന് ശേഷമുള്ള എറ്റവും ചൂടേറിയ മാർച്ച് മാസമാണ് ഇത്തവണ കഴിഞ്ഞുപോയത്.
ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തും ഉഷ്‌ണ തരംഗം ബാധിച്ചിരുന്നു. ന്യൂഡൽഹിയിലെ താപനില തിങ്കളാഴ്‌ച 41.8 ഡിഗ്രി സെൽഷ്യസിൽ (107.2 ഡിഗ്രി ഫാരൻഹീറ്റ്) എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ആഴ്‌ച പ്രവചിച്ചിരുന്നു. ഇത് സാധാരണയേക്കാൾ എട്ട് ഡിഗ്രി കൂടുതലാണ്.