ചാമരാജനാഗര(കര്‍ണാടക) : വീരമൃത്യു വരിച്ച ഐഎഫ്‌എസ് ഓഫിസര്‍ പി.ശ്രീനിവാസ് ഉപയോഗിച്ച ജീപ്പ് സ്‌മാരകമാക്കി കര്‍ണാടക വനം വകുപ്പ്. ചാമരാജനഗറിലെ കൊല്ലേഗല മലേമഹദേശ്വര വന്യജീവി സങ്കേതത്തിലാണ് ജീപ്പ് സൂക്ഷിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ പേരില്‍ ഇവിടെ ഒരു ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു.
കാട്ടുകള്ളന്‍ വീരപ്പനെ പിടികൂടാന്‍ ധൈര്യം കാണിച്ച ഏക ഉദ്യോഗസ്ഥനായിരുന്നു ഗാന്ധിമാര്‍ഗിയും ആന്ധ്രപ്രദേശ് സ്വദേശിയുമായ പി.ശ്രീനിവാസ്. 1991 ല്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ശ്രീനിവാസിനെ തന്‍റെ സ്ഥലത്തെത്തിച്ച് വീരപ്പന്‍ വകവരുത്തുകയായിരുന്നു.
വീരപ്പന്‍റെ ജന്മസ്ഥലമായ ഗോപിനാഥം ഗ്രാമത്തിലും അദ്ദേഹത്തിന്‍റെ ഓര്‍മയ്ക്കായി കേന്ദ്രങ്ങളുണ്ട്. ഇവിടെ അദ്ദേഹത്തിന്‍റെ പേരില്‍ ഒരു ക്ഷേത്രമടക്കമാണുള്ളത്. ഗ്രാമത്തിന്‍റെ പലഭാഗങ്ങളിലും അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
1980ല്‍ ബെംഗളൂരുവില്‍ വെച്ച് പൊലീസ് പിടിയിലായ വീരപ്പനെ ഫോറസ്റ്റ് ഓഫിസര്‍ പി.ശ്രീനിവാസിന് കൈമാറുകയായിരുന്നു. ഈ ഒരു തവണ മാത്രമാണ് വീരപ്പന്‍ പൊലീസ് പിടിയിലായിട്ടുള്ളത്. ചാമരാജനഗറില്‍ ശ്രീനിവാസിന്‍റെ കസ്റ്റഡിയിലിരിക്കെ വീരപ്പന്‍ രക്ഷപ്പെട്ടു. 11 വര്‍ഷങ്ങള്‍ക്ക് ശേഷം കീഴടങ്ങാന്‍ ഒരുക്കമാണെന്ന് ധരിപ്പിച്ച് ശ്രീനിവാസിനെ വരുത്തിച്ച് 1991 നവംബര്‍ 10 ന് നെല്ലൂരില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.