ന്യൂഡല്‍ഹി: രാജ്യത്തെ ഐഐടികള്‍, ഐഐഎസ്‌സി, ഐഐഎസ്‌ഇആര്‍ എന്നിങ്ങനെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്‌ഡിന്‍റെ (സംയുക്ത പ്രവേശന പരീക്ഷ) ഫലം പുറത്തുവന്നു. ഹൈദരാബാദ് സോണിൽ നിന്നുള്ള വാവിലാല ചിദ്വിലാസ് റെഡ്ഡിക്കാണ് ഒന്നാം റാങ്ക്. ഇന്ന് രാവിലെയാണ് പ്രവേശന പരീക്ഷയുടെ ഫലം അധികൃതർ പ്രഖ്യാപിച്ചത്.
രാവിലെ 10 മണി മുതല്‍ jeeadv.ac.in ഔദ്യോഗിക വെബ് സൈറ്റിലാണ് ഫലം ലഭ്യമായത്. പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയതും ഇതേ സോണില്‍ നിന്നുള്ള വിദ്യാര്‍ഥിനിയാണ്. നായകാന്തി നാഗ ഭവ്യ ശ്രീയാണ് ഈ നേട്ടം കൈവരിച്ചത്. വാവിലാല ചിദ്വിലാസ് റെഡ്ഡി 360ൽ 341 മാർക്ക് നേടിയാണ് ഒന്നാമതെത്തിയതെന്ന് പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന ഐഐടി ഗുവാഹത്തിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. നാഗ ഭവ്യശ്രീ 360ൽ 298 മാർക്കാണ് നേടിയത്.
ALSO READ | ജെഇഇ മെയിന്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു
ജെഇഇ അഡ്വാൻസ്‌ഡില്‍ രണ്ട് പേപ്പറുകളിലായി ആകെ 1,80,372 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 43,773 പേരാണ് യോഗ്യത നേടിയത്. ആകെ 36,204 ആണ്‍കുട്ടികളും 7,509 പെണ്‍കുട്ടികളും വിജയിച്ചു. ഐഐടി - ഗുവാഹത്തിയിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ - മെയിൻ, ജെഇഇ - അഡ്വാൻസ്‌ഡ് ജൂൺ നാലിനാണ് നടന്നത്. ജോയിന്‍റ് എൻട്രൻസ് എക്‌സാം അഡ്വാൻസ്‌ഡ് ലോകത്തിലെ കടുപ്പമേറിയതും രാജ്യത്തെ പ്രശസ്‌തവുമായ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയാണ്.
ഇത് പ്രഭാവ് ഖണ്ഡേൽവാളിന്‍റെ 'പ്രതികാരം': ജെഇഇ മെയിൻസിൽ 61-ാം റാങ്ക് നേടിയ രാജസ്ഥാനിലെ പ്രഭാവ് ഖണ്ഡേൽവാൾ ജെഇഇ അഡ്വാൻസ്‌ഡിൽ ആറാം റാങ്ക് നേടി. ജെഇഇ മെയിൻസിലെ റാങ്കില്‍ ഖണ്ടേൽവാൾ നിരാശനായിരുന്നു. ഇക്കാരണം കൊണ്ട് തന്നെ ഒരു മാസത്തിനുള്ളിൽ മുഴുവൻ സിലബസും പഠിക്കുകയും ജെഇഇ അഡ്വാന്‍സ്‌ഡിലെ ആദ്യ 10 റാങ്കുകാരിൽ ഇടം പിടിക്കുകയുമായിരുന്നു.
ജെഇഇ മെയിന്‍ ഫലം വന്നത് ഫെബ്രുവരിയില്‍: ജെഇഇ (ജോയിന്‍റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) മെയിന്‍ 2023 പരീക്ഷാഫലം ഫെബ്രുവരി ഏഴിനാണ് പുറത്തുവന്നത്. ഒന്‍പത് ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികളാണ് ഇത്തവണ ജെഇഇ മെയിന്‍ സെഷന് രജിസ്റ്റര്‍ ചെയ്‌തത്. അതില്‍ ഏകദേശം 8.9 ലക്ഷം ബിഇ, ബിടെക് ഉദ്യോഗാര്‍ഥികളും 0.46 ലക്ഷം പേര്‍ ബി ആര്‍ച്ച്, ബി പ്ലാനിങ് ഉദ്യോഗാര്‍ഥികളുള്ളത്.
ജെഇഇ മെയിനില്‍ 95.8 ശതമാനം പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. എന്‍ടിഎ (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി) ജെഇഇ പരീക്ഷ നടത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐഐടി), ഐഐഐടി - എച്ച് (ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി) എന്നിവയുൾപ്പെടെയുള്ള മറ്റ് മികവുറ്റ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജെഇഇ മെയിൻ.