പാട്‌ന : പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ രാഷ്‌ട്രീയ ലോക് ജനതാ ദള്‍ എന്ന പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹ. ബിഹാറില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിഹാര്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവായിരിക്കും മുന്നണിയെ നയിക്കാന്‍ ഒരുങ്ങുന്നത് എന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സൂചന നല്‍കിയിരുന്നു. ഇക്കാരണത്താലാണ് ഞാന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുവാന്‍ ഒരുങ്ങുന്നതെന്ന് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കുശ്വാഹ പറഞ്ഞു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ നിന്ന് രാജി വച്ച ഉപേന്ദ്ര കുശ്വാഹ ഇനി ബിജെപിയുമായി സഹകരിക്കുമോ എന്നുള്ള ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി. 2013ല്‍ താന്‍ രൂപീകരിച്ച ആര്‍എല്‍എസ്‌പിയെയും ജെഡിയുവില്‍ അസംതൃപ്‌തിയുള്ള സഖ്യകക്ഷികളെയും ഒരുമിച്ച് ചേര്‍ത്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കുശ്വാഹ അറിയിച്ചു. തേജസ്വി യാദവിനെ കൂടാതെ മറ്റാരെയും തന്‍റെ ഉപമുഖ്യന്ത്രി ആക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന നിതീഷ് കുമാറിന്‍റെ വെളിപ്പെടുത്തല്‍ മുതല്‍ തന്നെ കുശ്വാഹ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ ആരോഗ്യപരമായ കാരങ്ങള്‍ അറിയിച്ചുകൊണ്ടുള്ള കുശ്വാഹയുടെ ഡല്‍ഹി സന്ദര്‍ശനവും താഴെത്തട്ടിലുള്ള ബിജെപി നേതാക്കള്‍ കുശ്വാഹയെ ആശുപത്രിയില്‍ ചെന്ന് കണ്ട ദൃശ്യങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 'വ്യക്തിത്വമില്ലാത്തയാളായി കുശ്വാഹ മാറിയിരിക്കുന്നുവെന്നും തനിക്ക് ഇഷ്‌ടമുള്ളിടത്തേയ്‌ക്ക് പോകുവാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും' നിതീഷ് കുമാര്‍ അദ്ദേഹത്തിന്‍റെ രാജിയില്‍ പ്രതികരിച്ചു.