കൊൽക്കത്ത: ആവശ്യമുള്ളവർക്ക് സൗജന്യമായി ഓക്സിജൻ നൽകാനുള്ള ശ്രമം പുനരാരംഭിച്ച് പശ്ചിമ ബംഗാളിലെ ജമാഅത്തെ ഇസ്ലാമി ഹിന്ദ്. കൊവിഡ് കേസുകൾ വർധിക്കുകയും ആശുപത്രികളിൽ ഓക്സിജന്‍റെ അഭാവം മൂലം രോഗികൾ ദുരിതമനുഭവിക്കുകയും ചെയ്യുന്നതും കണക്കിലെടുത്താണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സഹായവുമായി രംഗത്തെത്തിയത്. ഇംദാദ് അലി ലെയ്‌നിലെ എംഎം മോഡൽ സ്‌കൂളിലെ ഓക്‌സിജൻ കേന്ദ്രത്തിൽ നിന്നാണ് ഓക്സിജൻ വിതരണം ചെയ്യുന്നത്. നിലവിലെ ഓക്സിജൻ വിതരണം വളരെ കുറവായതിനാലും ആളുകൾ മരിക്കുന്നതിനാലും ഓക്സിജൻ സൗജന്യമായി വിതരണം ചെയ്യാൻ സംഘടന തീരുമാനിച്ചതായി ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ഷാദാബ് മസൂം ഇടിവി ഭാരതിനോട് പറഞ്ഞു.
ഒരു വർഷം മുമ്പ് കൊവിഡ് ഒന്നാം തരംഗം സംസ്ഥാനത്തെ ബാധിച്ചപ്പോഴാണ് സംഘടന ഈ സംരംഭം ആരംഭിച്ചത്. ഓരോ ദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ തങ്ങൾ ഓക്സിജന്‍റെ കുറവ് നേരിടുന്നുണ്ടെന്നും എന്നിരുന്നാലും സിലിണ്ടറുകളുടെ എണ്ണം വർധിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. കൂടാതെ നൂറുകണക്കിന് ജീവൻ രക്ഷിക്കാനായി ഒരു കുടുംബത്തിൽ നിന്ന് ഒരു ഓക്സിജൻ സിലിണ്ടറെങ്കിലും സംഭാവന ചെയ്യണമെന്നും സംഘടന ജനങ്ങളോട് അഭ്യർഥിച്ചു.