നെയ്റോബി: കെനിയയിൽ ഇന്ത്യൻ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജയ്ശങ്കർ ശനിയാഴ്ചയാണ് കെനിയയിലെത്തിയത്. കിഴക്കൻ ആഫ്രിക്കൻ രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനായാണ് സന്ദർശനം.
കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഡോ. വിരന്ദർ പോളാണ് യോഗം മോഡറേറ്റ് ചെയ്തത്. കെനിയയിൽ 80,000ത്തോളം ഇന്ത്യൻ വംശജർ ഉണ്ട്. ഇതിൽ 20,000ത്തിൽ അധികം പേരും ഇന്ത്യൻ പൗരന്മാരാണ്.
ജയ്ശങ്കറും കെനിയൻ വിദേശകാര്യ മന്ത്രി റേയ്ച്ചലേ ഒമാമോയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി സഹകരണത്തെ കുറിച്ച് ചർച്ച നടന്നെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
Also Read: ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ എസ്. ജയ്ശങ്കർ പങ്കെടുക്കും
രണ്ട് യുഎൻഎസ്‌സി അംഗങ്ങൾക്ക് അനുയോജ്യമായ പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്തെന്ന് കൂടിക്കാഴ്ചക്ക് ശേഷം ജയശങ്കർ ട്വീറ്റ് ചെയ്തു.
ഇന്ത്യയും കെനിയയും നിലവിൽ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിലുണ്ട്. ഇരുവരും കോമൺവെൽത്ത് അംഗങ്ങളുമാണ്. കെനിയ ആഫ്രിക്കൻ യൂണിയനിലെ സജീവ അംഗമാണ്, ഇന്ത്യയുമായി ദീർഘകാല ബന്ധവുമുണ്ട്.