ജയ്‌പൂർ : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതുവയസുകാരനെ വളഞ്ഞിട്ടാക്രമിച്ച് അഞ്ച് തെരുവുനായ്‌ക്കൾ. സ്‌കൂട്ടറിലെത്തിയ രണ്ട് സ്‌ത്രീകളുടെ അവസരോചിത ഇടപെടലിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി. നായ്‌ക്കളുടെ കടിയേറ്റ കുട്ടിയുടെ ശരീരത്തിൽ നാൽപ്പതോളം മുറിവുകൾ കണ്ടെത്തി.
മെയ് 19ന് രാജസ്ഥാനിലെ ജയ്‌പൂരിൽ രാധ നികുഞ്ച് എന്ന പ്രദേശത്തായിരുന്നു സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. അപ്പോള്‍ നായ്‌ക്കൾ പാഞ്ഞടുക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
ആദ്യം സൈക്കിളിലെത്തിയ രണ്ട് കുട്ടികൾ നായ്‌ക്കളെ വിരട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ സ്‌കൂട്ടറിലെത്തിയ സ്‌ത്രീകൾ നായ്‌ക്കളെ തുരത്തിയോടിച്ച ശേഷം കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞു.
ആക്രമണത്തിനിരയായ ഒമ്പതുവയസുകാരനെ വ്യാഴാഴ്‌ച തന്നെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തുവെങ്കിലും മുറിവുകൾ പൂർണമായി ഉണങ്ങിയിട്ടില്ലെന്ന് പിതാവ് ജിതേന്ദ്ര മിശ്ര പറയുന്നു. കുട്ടിയെ രക്ഷിച്ച സ്‌ത്രീകൾക്കും അദ്ദേഹം നന്ദി അറിയിച്ചു.