അമരാവതി : ആന്ധ്ര പ്രദേശിലെ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ പൊതു ഖജനാവിലെ പണം വകമാറ്റി കോടികളുടെ അഴിമതി നടത്തുന്നുവെന്ന ആരോപണവുമായി മുഖ്യ പ്രതിപക്ഷ കക്ഷിയായ തെലുഗുദേശം പാര്‍ട്ടി രംഗത്ത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രൂപം നല്‍കിയ സ്വകാര്യ സ്ഥാപനമായ ഐ പാക്കിന്‍റെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ 274 കോടി രൂപയുടെ നികുതിപ്പണം ജഗന്‍ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്ര പ്രദേശില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ജഗനും അധികാരത്തിലെത്താനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കണ്‍സള്‍ട്ടന്‍റ് സ്ഥാപനമായിരുന്നു പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തിലുള്ള ഐ പാക്ക് (Jagan Govt Diverted Rs 274 crore to I PAC Alleges TDP).
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ഐ പാക്ക് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിഞ്ഞ നാലുവര്‍ഷമായി ജഗന്‍ സര്‍ക്കാര്‍ 274 കോടി രൂപ വകമാറ്റിയെന്ന വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത് തെലുഗുദേശം പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് നീലയപാലം വിജയകുമാറാണ്. ജില്ലാതലത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ നിയമിച്ച വളണ്ടിയര്‍മാരെ നിരീക്ഷിച്ചതിനാണ് പ്രതിവര്‍ഷം 68 കോടി രൂപ വെച്ച് സര്‍ക്കാര്‍ വക മാറ്റിയത് (TDP On Fund Allocation For I Pac) .
വിവിധ ജില്ലകളില്‍ നിയമിച്ച വളണ്ടിയര്‍മാരുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനും ഏതാണ്ട് 100 ഐ പാക്ക് ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്ക് ശമ്പളം നല്‍കുന്നതിനായി നാമമാത്രമായ മൂന്ന് നിഴല്‍ കമ്പനികളുണ്ടാക്കി അവ വഴി പണം നല്‍കുകയായിരുന്നു. മൂന്ന് കമ്പനികളടങ്ങിയ കണ്‍സോര്‍ഷ്യം വഴി നല്‍കുന്ന പണം റാം ഇന്‍ഫോ എന്ന കമ്പനിയിലേക്ക് എത്തുന്ന തരത്തിലുള്ള സംവിധാനം സര്‍ക്കാര്‍ വിജ്ഞാപനം വഴി ചെയ്തുകൊണ്ടാണ് ജഗന്‍ സര്‍ക്കാര്‍ തട്ടിപ്പ് നടത്തിയതെന്ന് തെലുഗുദേശം പാര്‍ട്ടി ആരോപിച്ചു. തന്‍റെ വ്യക്തി ഗത നേട്ടത്തിനായാണ് ജഗന്‍ സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ഐ പാക്കിന് നല്‍കുന്നതെന്ന് തെലുഗു ദേശം പാര്‍ട്ടി വക്താവ് ആരോപിച്ചു.
ഇതുവഴി ജഗന്‍ കൃത്യമായ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം വെട്ടിപ്പുകള്‍ നടത്തുന്ന മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നീതിമാനായ ചന്ദ്രബാബു നായിഡുവിനെതിരെ ആരോപണം ഉയര്‍ത്താനുള്ള ധാര്‍മിക അവകാശമില്ലെന്നും തെലുഗുദേശം വക്താവ് അഭിപ്രായപ്പെട്ടു (Case Against Chandrababu Naidu).