ന്യൂഡൽഹി: ജമ്മു കശ്‌മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ടതോ വ്യാപകമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 6, 7 തിയതികളിൽ പഞ്ചാബ്, വടക്കൻ ഹരിയാന, വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രസ്‌താവനയിൽ വ്യക്തമാക്കി. വടക്കൻ ആൻഡമാൻ കടലിനും തെക്കൻ മ്യാൻമർ തീരത്തിനും സമീപം ന്യൂന മർദം രൂപപ്പെട്ടതാണ് മഴക്ക് കാരണം. ഇതിന്‍റെ സ്വാധീനത്താൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നേരിയതോ മിതമായ തോതിലോ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 4 മുതൽ 8 വരെ ജമ്മു കശ്‌മീർ, ലഡാക്ക്, ഗിൽഗിറ്റ്, ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ വ്യാപകമായ മഴയോ മഞ്ഞുവീഴ്‌ചയോ ഉണ്ടാകാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
പശ്ചിമ രാജസ്ഥാനിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏപ്രിൽ 6, 7 തിയതികളിൽ പൊടിക്കാറ്റ് അല്ലെങ്കിൽ ഇടിമിന്നലും ശക്തമായ കാറ്റും (വേഗത 30-40 കിലോമീറ്റർ വരെ) ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രസ്‌താവനയിൽ പറഞ്ഞു. തെക്കൻ ഛത്തീസ്‌ഗഡിലും സമീപ പ്രദേശങ്ങളിലും ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യത പ്രവചിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, ഗംഗാറ്റിക് പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ ഇടിമിന്നൽ, കാറ്റ് എന്നിവയോടുകൂടിയ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും അടുത്ത നാല് ദിവസങ്ങളിൽ വിദർഭയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൂടേറിയ അവസ്ഥ നിലനിൽക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.