ശ്രീനഗർ: വടക്കൻ കശ്‌മീരിലെ സോപോർ പട്ടണത്തിലുണ്ടായ വെടിവയ്‌പിൽ രണ്ട് പൊലീസുകാരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടതിന് പിന്നാലെ മൂന്ന് ലഷ്‌കർ-ഇ-തോയിബ തീവ്രവാദികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് സുരക്ഷ സേന. നഗരത്തിലാകെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. തീവ്രവാദികളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ബോൺപോറ ഡാംഗർപോറ നിവാസിയായ മുദാസിർ അഹ്മദ് പണ്ഡിറ്റ്, ബ്രത്ത്-കല്ലൻ നിവാസിയായ ഖുർഷീദ് അഹ്മദ് മിർ, വാർപോര സ്വദേശിയായ ഫയാസ് അഹ്മദ് വാർ എന്നിവർക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. ആക്രമണത്തിൽ ഉൾപ്പെട്ട രണ്ട് പ്രാദേശിക തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അവരെ എത്രയും വേഗം കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞിരുന്നു. അതേസമയം, സംശയം തോന്നിയ നഗരത്തിൽ നിന്നുള്ള ചിലരെ പൊലീസും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
Also Read: വ്യവസായി പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ബംഗ്ലാദേശ് ചലച്ചിത്ര നടി
ശനിയാഴ്‌ച ഉച്ചയോടെ സൈംഗെയർ, നൊപോറ കലൻ, ഡാംഗർപോറ, സോപൂർ ടൗൺ എന്നിവിടങ്ങളിൽ തെരച്ചിലുകൾ നടത്തിയതായി പൊലീസ് പറഞ്ഞു. ചില പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.