റായ്‌പൂര്‍: രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. സ്‌ഫോടനത്തില്‍ ഒരു ഐടിബിപി സൈനികന്‍ കൊല്ലപ്പെട്ടു. ഐടിബിപി ഹെഡ് കോണ്‍സ്റ്റബിള്‍ ജോഗിന്ദര്‍ സിങ്ങാണ് മരിച്ചത്.
ഗാരിയബന്ദിലെ ബഡേ ഗോബ്രയ്‌ക്ക് സമീപമാണ് സംഭവം. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സുരക്ഷ സേനയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങുന്നതിനിടെയാണ് സ്‌ഫോടനം. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഘത്തിലെ മറ്റുള്ളവർ സുരക്ഷിതമായി മെയിൻപൂർ പൊലീസ് സ്റ്റേഷനിൽ എത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒഡിഷയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് ഗാരിയബന്ദ്. സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലായാണ് ഇന്ന് (നവംബര്‍ 17) രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായത്. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയായിരുന്നു വോട്ടെടുപ്പ്. എന്നാല്‍ മാവോയിസ്റ്റ് ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഗാരിയബന്ദ് ജില്ലയിലെ ഒമ്പത് പോളിങ് ബൂത്തുകളില്‍ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയായിരുന്നു വോട്ടെടുപ്പ്. നവംബര്‍ ഏഴിനായിരുന്നു ഛത്തീസ്‌ഗഡിലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 90 അസ്ലംബി സീറ്റുകളില്‍ 20 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായത്.
also read: ഛത്തീസ്‌ഗഡില്‍ പോളിങ് ബൂത്തിന് സമീപം മാവോയിസ്‌റ്റ് ആക്രമണം ; ഒരു സൈനികന് പരിക്ക്