ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ജോലി സ്ഥലത്തെത്താന്‍ ട്രാക്‌ടറിലേറി കര്‍ണാടകയിലെ ഒരുക്കൂട്ടം ഐടി പ്രൊഫഷണലുകള്‍. സിലിക്കണ്‍ വാലിയില്‍ ജോലി ചെയ്യുന്ന ഐടി ഉദ്യോഗസ്ഥരാണ് തിങ്കളാഴ്‌ച(05.09.2022) ട്രാക്‌ടറില്‍ ഓഫിസിലെത്തിയത്. എച്ച്‌എഎൽ വിമാനത്താവളത്തിന് സമീപമുള്ള യെമല്ലൂരില്‍ നിന്നുള്ള ജീവനക്കാരാണ് കനത്ത മഴയെ തുടര്‍ന്ന് ഓഫിസിലെത്താന്‍ മാര്‍ഗമില്ലാതെ ബുദ്ധിമുട്ടിലായത്.
വെള്ളക്കെട്ടിലൂടെയുള്ള ട്രാക്‌ടര്‍ സവാരി പുതിയൊരു അനുഭവമാണെന്ന് ജീവനക്കാര്‍ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് നിരവധി അവധിയെടുക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അത്തരത്തിലുള്ള അവധി തങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നും ഐടി ജീവനക്കാരി പറഞ്ഞു.
അതേസമയം ബെംഗളൂരുവിലെ കനത്ത മഴയും വെള്ളക്കെട്ടും കാരണം 225 കോടി രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വെള്ളക്കെട്ട് മൂലം ഗതാഗതം നിലച്ച സാഹചര്യത്തില്‍ ജോലിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ഐടി കമ്പനികളുമായി ചര്‍ച്ച ചെയ്യുമെന്നും ബൊമ്മെ പറഞ്ഞു. ബെംഗളൂരുവിന്‍റെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ടിനും ഗതാഗത കുരുക്കിനും കാരണമാവുന്ന ഔട്ടർ റിങ് റോഡ് പ്രശ്‌നം പരിഹരിക്കണമെന്ന് ഐടി കമ്പനികൾ മുഖ്യമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കനത്ത മഴയെ തുടര്‍ന്ന് കോരമംഗലയിലെ വിവിധയിടങ്ങളിലെ റോഡ് ഗതാഗതം സ്‌തംഭിച്ചിരുന്നെന്നും വെള്ളക്കെട്ടിലൂടെ വാഹനമോടിക്കുന്നത് ദുഷ്‌കരമാണെന്നും നാട്ടുകാര്‍ പറഞ്ഞു. മേഖലയിലെ കടകളുടെയും അപ്പാര്‍ട്ട്‌മെന്‍റുകളുടെയും ബേസ്‌മെന്‍റുകളില്‍ വെള്ളം കയറി. ഇതോടെ ബേസ്‌മെന്‍റില്‍ കടകളുള്ളവര്‍ ബുദ്ധിമുട്ടിലായി.
മോശം ഡ്രെയിനേജ് സംവിധാനവും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ടെന്നും ഇത് കാരണം ബേസ്‌മെന്‍റില്‍ നിന്നെല്ലാം വെള്ളം പമ്പ് ചെയ്‌ത് കളയേണ്ടി വരുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. എല്ലാ വര്‍ഷവും മഴക്കാലത്ത് ഇതേ അവസ്ഥ തന്നെയാണുള്ളത്. സ്‌ത്രീകള്‍ അടക്കമുള്ള നിരവധി പേര്‍ വെള്ളക്കെട്ടില്‍ വീഴുന്നത് പതിവാണ്.
മുന്‍ വര്‍ഷവും ജൂലൈയില്‍ കര്‍ണാടകയില്‍ വെള്ളപ്പൊക്കമുണ്ടാവുകയും രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തേണ്ടി വരികയും ചെയ്‌തിട്ടുണ്ടെന്നും കനത്ത മഴയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് കേന്ദ്രത്തില്‍ നിന്ന് ധനസഹായം തേടേണ്ടതായി വന്നിട്ടുണ്ടെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.
also read: മംഗളൂരുവില്‍ മണ്ണിടിച്ചില്‍; മൂന്ന് മലയാളികള്‍ മരിച്ചു