ന്യൂഡൽഹി/നോയിഡ: നോയിഡ ജില്ല ജയിലിലെ 31 തടവുകാര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ല ജയിലില്‍ 140 തടവുകാര്‍ക്ക് എച്ച്ഐവി വൈറസ് ബാധ കണ്ടെത്തിയതിന് പിന്നാലെയാണിത്. നോയിഡയിലെ 2650 പേരടങ്ങുന്ന തടവുകാരെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 31 പേരില്‍ വൈറസ് കണ്ടെത്തിയത്.
ജില്ല ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പവന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ജയിലില്‍ രോഗം സ്ഥിരീകരിച്ച തടവുകാര്‍ക്ക് ചികിത്സ നല്‍കുന്നുണ്ടെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും പവന്‍ കുമാര്‍ പറഞ്ഞു. വൈറസ് ബാധ ജയിലിലെ തടവുകാരെയും ജീവനക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്.
ഗാസിയാബാദില്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ഒരാഴ്‌ചക്ക് ശേഷമാണ് നോയിഡയില്‍ പരിശോധന നടത്തിയത്. ഗാസിയാബാദില്‍ നടത്തിയ പരിശോധനയില്‍ 35 തടവുകാര്‍ക്ക് ടിബിയുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്നതാണ് എച്ച്ഐവി വൈറസ്.