ന്യൂഡൽഹി: മുതിര്‍ന്ന പത്രപ്രവര്‍ത്തക നീരജ ചൗധരിയുടെ പുറത്തിറങ്ങാനിരിക്കുന്ന 'ഹൗ പ്രൈംമിനിസ്റ്റേഴ്‌സ് ഡിസൈഡ്' എന്ന പുസ്‌തകത്തിന്‍റെ ഉള്ളടക്കം സംബന്ധിച്ച് വീണ്ടും രാഷ്‌ട്രീയ വിവാദം. മുൻ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിര ഗാന്ധിക്ക് ആർഎസ്എസുമായി നല്ല ബന്ധമുണ്ടായിരുന്നെന്നും പല നേട്ടങ്ങള്‍ക്കുമായി ഈ 'സൗഹൃദം' ഉപയോഗിച്ചെന്നും പുസ്‌തകം ആരോപിച്ചതാണ് പുതിയ വിവാദം. രാജീവ് ഗാന്ധി ആര്‍എസ്‌എസുമായി ചര്‍ച്ച നടത്തിയെന്ന തരത്തില്‍ 'ഹൗ പ്രൈംമിനിസ്റ്റേഴ്‌സ് ഡിസൈഡ്' പുസ്‌തകത്തിലെ ഉള്ളടക്കം പുറത്തുവന്നത് നേരത്തെ വലിയ വിവാദമായിരുന്നു.
ആര്‍എസ്‌എസ് നേതാക്കള്‍ ഇന്ദിര ഗാന്ധിയോട് സഹായം ചോദിച്ചെത്തുക മാത്രമല്ല, ഇന്ദിര സംഘപരിവാര്‍ നേതാക്കളുടെ സഹായം ഉപയോഗപ്പെടുത്തിയെന്നും പുസ്‌തകം ആരോപിക്കുന്നു. നേതാക്കള്‍ വ്യക്തിപരമായി പരസ്‌പരം നേട്ടമുണ്ടാക്കിയെങ്കിലും ഇവരുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മിൽ പുറമെ അകലം പാലിച്ചെന്നും പുസ്‌തകം പറയുന്നു. രാജ്യത്തെ പ്രധാന രാഷ്‌ട്രീയ, സാമൂഹ്യ സംഭവങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാനമാക്കി പ്രധാനമന്ത്രിമാരുടെ പ്രവർത്തന ശൈലികൾ അടക്കം വിശകലനം ചെയ്യുന്നതാണ് പുസ്‌തകം.
1980ലെ അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്താൻ ഇന്ദിര ഗാന്ധി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ഷാ ബാനു കേസ്, മണ്ഡല്‍ കമ്മിഷൻ, ബാബറി മസ്‌ജിദ് സംഭവം, അടൽ ബിഹാരി വാജ്‌പേയിയുടെ ആണവ പരീക്ഷണ അനുമതി, മൻമോഹൻ സിങ്ങിന്‍റെ കീഴില്‍ ഇന്ത്യ - യുഎസ് ആണവ കരാർ തുടങ്ങിയവ അടക്കം ചൂണ്ടിക്കാട്ടി പുസ്‌തകം വിമര്‍ശനം ഉന്നയിക്കുന്നു.
'കോൺഗ്രസിന്‍റെ മുഖം ഹിന്ദുവത്‌കരിക്കാൻ ഇന്ദിര ശ്രമിച്ചു': ആർഎസ്എസ് പ്രസ്ഥാനം അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിയെ പ്രതിക്കൂട്ടിലാക്കിയിരുന്നുവെന്നും പുസ്‌തകം ചൂണ്ടിക്കാട്ടുന്നു. 'ആർഎസ്എസ് മേധാവി ബാലാസാഹേബ് ദിയോറസ് പലതവണ ഇന്ദിരയ്‌ക്ക് കത്തയച്ചിരുന്നു. ചില ആർഎസ്എസ് നേതാക്കൾ കപിൽ മോഹൻ മുഖേന സഞ്ജയ് ഗാന്ധിയെ സമീപിച്ചു. 1977കാലത്ത് അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കിയിരുന്നു. പക്ഷേ, ഇന്ദിര ശ്രദ്ധാപൂർവമാണ് കരുക്കള്‍ നീക്കിയത്' - ചൗധരി എഴുതുന്നു.
'ആർഎസ്‌എസുകാർ സഹായത്തിനായി ഇന്ദിര ഗാന്ധിയെ സമീപിച്ചത് പോലെ അവരും ആർഎസ്‌എസ് നേതാക്കളെ തന്‍റെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു. എന്നാൽ, ഈ പ്രസ്ഥാനവുമായി പുറമെ ഇന്ദിര ശ്രദ്ധാപൂർവം അകലം പാലിച്ചു. ആർഎസ്‌എസുമായുള്ള അകലം നിലനില്‍ക്കെ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ കാലത്ത് ആ സംഘടനയുടെ പിന്തുണ നേടാന്‍ ശ്രമിച്ചു. അടിയന്തരാവസ്ഥ സമയത്ത് കോൺഗ്രസിനെക്കുറിച്ച് മുസ്‌ലിങ്ങൾക്കിടയില്‍ അസംതൃപ്‌തി ഉടലെടുത്തിരുന്നു. ആ കാലത്ത് തന്‍റെ രാഷ്‌ട്രീയത്തെ ഹൈന്ദവവത്‌കരിക്കാൻ ഇന്ദിര ആഗ്രഹിച്ചു. ആർഎസ്‌എസിൽ നിന്നുള്ള നിശബ്‌ദ സഹായമോ അവരുടെ നിഷ്‌പക്ഷ നിലപാടോ പോലും സഹായകമാകുമെന്ന് ഇന്ദിര മനസിലാക്കി പ്രവര്‍ത്തിച്ചുവെന്നും ചൗധരി പുസ്‌തകത്തിൽ ആരോപിച്ചു.
ഭൂരിപക്ഷ ഭരണത്തിലും കൂട്ടുകക്ഷി ഭരണത്തിലും രാജ്യത്തെ പ്രധാനമന്ത്രിമാര്‍ തങ്ങളുടെ അധികാരം എങ്ങനെ പ്രയോഗിച്ചു എന്ന തരത്തിലാണ് പുസ്‌തകത്തിലെ അധ്യായങ്ങൾ. ഇന്ദിര ഗാന്ധി കോൺഗ്രസിന്‍റെ മുഖം ഹിന്ദുവത്‌കരിക്കാൻ ശ്രമിക്കുമ്പോൾ വാജ്‌പേയി തന്‍റെ പ്രതിച്ഛായ മതനിരപേക്ഷമാക്കാൻ ശ്രമിക്കുകയുണ്ടായി. 1980ൽ ഇന്ദിര ഗാന്ധിയെ അധികാരത്തിലെത്തിക്കാന്‍ ആർഎസ്‌എസ് സഹായിച്ചു. ഇത് വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ ഇന്ദിര ഗാന്ധിയുടെ അടുത്ത അനുയായി അനിൽ ബാലിയെ ഉദ്ധരിച്ചാണ് പുസ്‌തകം വിവരിക്കുന്നത്.