അമൃത്‌സർ (പഞ്ചാബ്): അമൃത്‌സറിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ എയർലൈൻസ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് പാകിസ്ഥാനിലേക്ക് വഴിതിരിച്ച് വിട്ടു. ശനിയാഴ്‌ച വൈകുന്നേരം 7.30ന് പാകിസ്ഥാൻ വ്യോമാതിർത്തിയിലൂടെ ലാഹോറിന് വടക്ക് പ്രവേശിച്ച വിമാനം ഗുജ്‌റൻവാലയിലൂടെ 08.1ന് ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് മടങ്ങി അഹമ്മദാബാദിൽ ലാൻഡ് ചെയ്യുകയായിരുന്നു.
മോശം കാലാവസ്ഥയെത്തുടർന്ന് ശനിയാഴ്‌ച ഇസ്ലാമാബാദിലും ലാഹോറിലും നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ അന്താരാഷ്‌ട്ര തലത്തിൽ വിമാനങ്ങളെ രാജ്യാതിർത്തിയിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കും. അതിനാൽ ഇന്ത്യൻ വിമാനം പാകിസ്ഥാനിൽ പ്രവേശിച്ചത് പുതിയ കാര്യമല്ലെന്നും പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്‌തമാക്കി.
അതേസമയം മോശം കാലാവസ്ഥയെത്തുടർന്ന് ലാഹോർ വിമാനത്താവളങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ സിഎഎ അലേർട്ട് കാരണം ഇസ്ലാമാബാദിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു. ലാഹോറിലെ കാലാവസ്ഥ മുന്നറിയിപ്പ് രാത്രി 11:30 വരെ നീട്ടിയതായും സിഎഎ വക്താവ് അറിയിച്ചു. അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദൂരക്കാഴ്‌ച ശനിയാഴ്‌ച 5,000 മീറ്ററായിരുന്നുവെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അതിനിടെ അബുദാബിയിൽ നിന്ന് ഇസ്ലാമാബാദിലേക്കുള്ള പിഐഎ വിമാനം മുള്‍ട്ടാനിലേക്ക് തിരിച്ചുവിട്ടു. ജിദ്ദ - ലാഹോർ വിമാനവും മുള്‍ട്ടാനിലേക്ക് തിരിച്ചുവിട്ടു. ലാഹോറിൽ നിന്ന് മദീനയിലേക്കും കറാച്ചിയിലേക്കുള്ള പിഐഎ വിമാനങ്ങളും ലാഹോറിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളും മോശം കാലാവസ്ഥ മൂലം വൈകിയെന്നും അധികൃതർ അറിയിച്ചു.
എഞ്ചിൻ തകരാറിനെത്തുടർന്ന് തിരിച്ചിറക്കി വിമാനം: എഞ്ചിൻ തകരാറിനെ തുടർന്ന് ശനിയാഴ്‌ച രാത്രി ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGIA) നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. ടേക്ക് ഓഫ് ചെയ്‌ത് ഒരു മണിക്കൂറിന് ശേഷം ഡൽഹി വിമാനത്താവളത്തിൽ തന്നെയാണ് വിമാനം തിരിച്ചിറക്കിയത്. ഇൻഡിഗോയുടെ ഡൽഹി - ചെന്നൈ വിമാനമാണ് (6 ഇ - 2789) തിരിച്ചിറക്കിയത്.
തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ചെന്നൈയിലേക്ക് അയക്കുകയായിരുന്നു. 230 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി തന്നെ ലാൻഡ് ചെയ്‌തുവെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഡിജിസിഎ പ്രസ്‌താവനയിൽ വ്യക്തമാക്കി. അതേസമയം, വിമാനത്തിന്‍റെ എഞ്ചിൻ തകരാറിലായതിന്‍റെ കാരണങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഇൻഡിഗോ എയർലൈൻസും അറിയിച്ചു.
വിമാനത്തിൽ ബോംബ് ഉണ്ടെന്ന് യുവാവ്: ഇക്കഴിഞ്ഞ ഏഴാം തിയതി വിമാനത്തിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ് യുവാവ് ബഹളം വച്ചതിനെത്തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിമാനം പരിശോധിച്ചിരുന്നു. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലായിരുന്നു സംഭവം. കൊൽക്കത്തയിൽ നിന്ന് ദോഹ വഴി ലണ്ടിനിലേക്ക് സർവീസ് നടത്തുന്ന ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ബോംബ് ഉണ്ടെന്നാണ് യാത്രക്കാരൻ വിളിച്ച് പറഞ്ഞത്.
541 യാത്രക്കാരുമായി വിമാനം പുലർച്ചെ 3.29ന് ടേക്ക് ഓഫിന് തയ്യാറെടുക്കുമ്പോഴായിരുന്നു സംഭവം. തുടർന്ന് എയർലൈൻ ജീവനക്കാർ ഉടൻ തന്നെ സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ വിവരമറിയിക്കുകയും യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി പരിശോധന നടത്തുകയുമായിരുന്നു. സ്‌നിഫർ നായകളെ ഉൾപ്പെടെ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് വിമാനത്തിനുള്ളിൽ ബോംബുണ്ടെന്ന് തെറ്റായ വിവരം നല്‍കിയ യാത്രക്കാരനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലിൽ ബോംബുണ്ടെന്ന് മറ്റൊരു യാത്രക്കാരൻ തന്നോട് പറയുകയായിരുന്നു എന്ന് ഇയാൾ മൊഴി നൽകി. അതേസമയം പ്രതി മാനസിക രോഗത്തിന് ചികിത്സയിലാണെന്നും ഇതിന്‍റെ രേഖകൾ ലഭിച്ചതായും സിഐഎസ്എഫ് അറിയിച്ചു.