ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാന കമ്പനിക്ക് 1.20 കോടി രൂപ പിഴയിട്ട് വ്യോമയാന സുരക്ഷാബ്യൂറോ. മുംബൈ രാജ്യാന്തര വിമാനത്താവളത്തിന് (MIAL) 90 ലക്ഷം രൂപയും പിഴയിട്ടിട്ടുണ്ട്. വഴിതിരിച്ചുവിട്ട വിമാനത്തിലെ യാത്രികര്‍ക്ക് റണ്‍വേയില്‍ തന്നെ ഭക്ഷണം കഴിക്കാനും ക്ഷീണം തീര്‍ക്കാനും അനുവാദം നല്‍കിയ സംഭവത്തിലാണ് നടപടി (Indigo Airlines).
യാത്രികര്‍ റണ്‍വേയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു (BCAS and DGCA fined). ഇതേസമയം തൊട്ടടുത്ത് തന്നെ വിമാനങ്ങള്‍ പറന്ന് പൊങ്ങുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. കനത്ത സുരക്ഷാവീഴ്ചയാണ് വിമാനത്താവള അധികൃതരുടെയും വിമാന കമ്പനിയുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി(Security breach in MIAL).
വ്യോമയാന സുരക്ഷാബ്യൂറോ ഇന്‍ഡിഗോയ്ക്ക് 1.20 കോടി രൂപ പിഴയിട്ടപ്പോള്‍ മിയാലിന് അറുപത് ലക്ഷം രൂപയാണ് ചുമത്തിയത്. ഇതിന് പുറമെ മിയാലിന് മുപ്പത് ലക്ഷം രൂപ വ്യോമയാന ഡയറക്ടറേറ്റും പിഴ ചുമത്തി (Passengers having food on runway).
ഞായറാഴ്ച ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയത്. കനത്ത മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയില്‍ കാഴ്ചാപരിധി കുറഞ്ഞതോടെയാണ് മുംബൈയില്‍ ഇറക്കേണ്ടി വന്നത്. യാത്രക്കാര്‍ റണ്‍വേയില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അധികൃതര്‍ വിമാനത്താവളത്തിനും വിമാനക്കമ്പനിക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
ചിലര്‍ പരസ്പരം സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 1.51നും 2.04നുമിടയിലാണ് ഈ സംഭവം. യാത്രക്കാരുടെ ലഗേജുകള്‍ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുമില്ല. വിമാനം ഇറക്കുന്നത് സംബന്ധിച്ച് സിഐഎസ്എഫിനെയും മിയാലിനെയും അറിയിച്ചിരുന്നുവെന്നാണ് ഇന്‍റര്‍ഗ്ലോബ് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് (ഇന്‍ഡിഗോ) വിശദീകരിച്ചിട്ടുള്ളത്.
Also Read: "ഞങ്ങൾ ഫ്ലൈറ്റ് മോഡിലാണ്", ഓൺലൈൻ സേവനങ്ങൾ താറുമാറിലെന്ന് ഇൻഡിഗോ: വലഞ്ഞ് യാത്രക്കാർ
അതേസമയം ഇക്കാര്യം സുരക്ഷാബ്യൂറോയെ അറിയിച്ചോ എന്ന ചോദ്യത്തോട് കമ്പനി പ്രതികരിച്ചിട്ടില്ല. യാത്രികരുടെ എണ്ണം എടുക്കുകയും ഇവരെ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തെന്ന് വിമാനത്താവള അധികൃതര്‍ പറയുന്നുണ്ട്. ഈസമയം റണ്‍വേയില്‍ സുരക്ഷാക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മിയാല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ സമയത്ത് സമാന്തര സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നോ എന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വിമാന കമ്പനിയുടെയും വിമാനത്താവള അധികൃതരുടെയും വിശദീകരണങ്ങള്‍ തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്നും ബിസിഎഎസും ഡിജിസിഎയും അറിയിച്ചു.