ഗഡിവെമൂല: മാറി എത്തിയ ഒരു ഫോണ്‍ കോളിലൂടെയാണ് പാകിസ്ഥാന്‍ സ്വദേശി ഗുൽസാർ ഖാനും ആന്ധ്രാപ്രദേശ് ഗഡിവെമൂല സ്വദേശി ഷെയ്ഖ് ദൗലത്ബിയും പരിചയത്തിലായത്. ഈ പരിചയം പ്രണയത്തിലാവുകയും അതിര്‍ത്തി ഭേദിച്ച് ഗുൽസാർ ഖാന്‍ ഇന്ത്യയിലെത്തുകയും പ്രണയിനിയെ വധുവാക്കുകയുമുണ്ടായി.
പക്ഷേ, രാജ്യത്തിന്‍റെ നിയമത്തിന് മുന്‍പില്‍ ഇവരുടെ പ്രണയം പരിധിക്കുപുറത്തായതിനാല്‍ അനധികൃതമായി ഇന്ത്യയിലെത്തിയ പാക് പൗരൻ പിടിയിലായി. അഞ്ച് മക്കളുള്ള ഇവരുടെ ജീവിതം ഗുൽസാർ ഖാന്‍ ജയിലിലായതോടെ പ്രതിസന്ധിയുടെ പടുകുഴിയിലാണ്ടു. 2010ൽ പരിചയപ്പെട്ട ഇരുവരുടേയും വിവാഹം 2011ലാണുണ്ടായത്. ദൗലത്ബിയെ കാണാൻ ഗുൽസാർ ഖാൻ സൗദി അറേബ്യയിൽ നിന്നും മുംബൈ വഴിയാണ് അനധികൃതമായി ഇന്ത്യയിലെത്തിയത്.
ഭര്‍ത്താവിനെ സ്വതന്ത്രനാക്കണം, ദൗലത്ബിയുടെ ഏക ആഗ്രഹം: ഒന്‍പത് വർഷം ഇവരുടെ ജീവിതം സുഗമമായി മുന്‍പോട്ടുപോയി. പില്‍ക്കാലത്ത്, ഭാര്യയേയും അഞ്ച് മക്കളേയും സൗദിയിലേക്ക് കൊണ്ടുപോകാൻ വിസ എടുത്തു. അവിടെ നിന്ന് പാകിസ്ഥാനിലേക്ക് പോവാനായിരുന്നു ഇവരുടെ പദ്ധതി. 2019ൽ ഷംഷാബാദ് വിമാനത്താവളത്തിൽ എത്തിയപ്പോള്‍ ഗുൽസാർ ഖാൻ അനധികൃതമായി ഇന്ത്യയിൽ കടന്നതായി പരിശോധനയില്‍ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതോടെയാണ് അറസ്റ്റിലായതും അഴിക്കുള്ളിലായതും.
മൂത്തമകൻ മുഹമ്മദ് ഇല്യാസ് കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റുന്നത്. കൊവിഡിനെ തുടർന്ന് ഗുൽസാർ ഖാൻ ജയിൽ മോചിതനായിരുന്നെങ്കിലും 2022ൽ വീണ്ടും ഹൈദരാബാദിലെ ജയിലിലേക്ക് മാറ്റി. അധികാരികളെ കണ്ട് സങ്കടം ബോധിപ്പിക്കാനും ഭർത്താവിനെ മോചിപ്പിക്കാനുമുള്ള നെട്ടോട്ടത്തിലാണ് ദൗലത്ബി ഇപ്പോള്‍.