ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കിടെ നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ സൈനിക മെഡിക്കല്‍ സംഘം സഹായമെത്തിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. കുവൈറ്റ്, മഡഗാസ്‌കര്‍, മാലി ദ്വീപ് തുടങ്ങിയ നിരവധി രാജ്യങ്ങളിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ സൈനിക മെഡിക്കല്‍ സംഘം നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയതായി വിദേശകാര്യ മന്ത്രി പറഞ്ഞു.
മേഖലയിലെ ദുരന്ത നിവാരണം, മാനുഷിക പരിഗണ ആവശ്യമായ സാഹചര്യങ്ങള്‍ എന്നീ ഘട്ടങ്ങളില്‍ ഇന്ത്യ സഹായഹസ്‌തവുമായി ആദ്യം തന്നെ എത്തിയതായും എസ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഐസിഡബ്ല്യൂഎ-യുഎസ്‌ഐ ഇന്‍റര്‍നാഷണല്‍ ഗലിപോളി വിര്‍ച്വല്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎന്‍ സമാധാന സേനയിലേക്ക് ഇതുവരെ രാജ്യം 50 മിഷനുകളിലായി 253,000 സൈനികരെ അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യെമനിലെ ആഭ്യന്തര യുദ്ധം, നേപ്പാളിലുണ്ടായ ഭൂകമ്പം, കിഴക്കന്‍ ആഫ്രിക്കയിലെ മൊസാമ്പികിലുണ്ടായ ചുഴലിക്കാറ്റ്, ശ്രീലങ്കയിലുണ്ടായ മണ്ണിടിച്ചില്‍ തുടങ്ങിയ ഉദാഹരണങ്ങള്‍ എടുത്തു പറഞ്ഞ വിദേശകാര്യ മന്ത്രി ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം പ്രതികരണവുമായി എത്തിയത് ഇന്ത്യയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്‌തു. കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യന്‍ സൈനികരെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞെന്നും എസ് ജയശങ്കര്‍ പറഞ്ഞു.
കുവൈത്ത്, മാലി ദ്വീപ്, മൗറീഷ്യസ്, സീഷെല്‍സ്, മഡഗാസ്‌കര്‍, കൊമോറസ് എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപിച്ചപ്പോള്‍ മേഖലയിലെ പൊതുജനാരോഗ്യം സുസ്ഥിരപ്പെടുത്താന്‍ ഇന്ത്യന്‍ സൈനിക മെഡിക്കല്‍ സംഘം നിര്‍ണായക പങ്കാണ് വഹിച്ചതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമല്ല വെല്ലുവിളികള്‍ ഉണ്ടാവുന്നതെന്നും സമുദ്ര സുരക്ഷയും, ഭീകരതയും എക്കാലത്തും വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.