വാഷിംഗ്‌ടൺ: ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്ന നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി എത്തിയപ്പോൾ ഇന്ത്യയ്‌ക്കും അഭിമാനിക്കാം അതിന് പിന്നിലെ ഇന്ത്യൻ കരുത്തിൽ. പെഴ്‌സിവറൻസ് റോവർ കൃത്യ സ്ഥലത്ത് ഇറക്കുന്നതിൽ നിർണായകമായ ആറ്റിറ്റ്യൂഡ് കൺട്രോൾ ആൻഡ് ലാൻഡിംഗ് സിസ്‌റ്റം എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതിന് നേതൃത്വം നൽകിയത് ഇന്ത്യൻ വംശജയായ സ്വാതി മോഹനാണ്.
ഒരു വയസുള്ളപ്പോഴാണ് സ്വാതി ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് എത്തുന്നത്. കുട്ടിക്കാലത്തിന്‍റെ ഭൂരിഭാഗവും വടക്കൻ വിർജീനിയ-വാഷിംഗ്‌ടൺ ഡി.സി മെട്രോ പ്രദേശത്താണ് സ്വാതി ചെലവഴിച്ചത്. ഒൻപത് വയസുള്ളപ്പോൾ സ്‌റ്റാർ ട്രെക്ക് കണ്ടതിന് ശേഷമാണ് സ്വാതിക്ക് ഈ മേഖലയോട് താത്‌പര്യമുണ്ടാകുന്നത്. 16 വയസു വരെ ശിശുരോഗ വിദഗ്‌ധയകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ആദ്യ ഫിസിക്‌സ് ക്ലാസും മറ്റും ബഹിരാകാശ പര്യവേഷണത്തിൽ കൂടുതൽ താത്‌പര്യമുണ്ടാക്കുകയും എഞ്ചിനീയറിംഗ് തെരഞ്ഞെടുക്കാൻ പ്രചോദനമാകുകയും ചെയ്തു.
മെക്കാനിക്കൽ ആൻഡ് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സ്വാതി തുടർന്ന് എയ്‌റോ നോട്ടികിൽ പി.എച്ച.ഡി എടുക്കുകയും ചെയ്തു. നാസയുടെ വിവിധ ദൗത്യങ്ങളുടെ ഭാഗമാണ് സ്വാതി മോഹൻ.