ട്രിനിഡാഡ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ ടോസ് നേടി വെസ്‌റ്റ് ഇന്‍ഡീസ്. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഇതുവരെ രണ്ട് എകദിനങ്ങളില്‍ ഓരോന്ന് വീതം വിജയിച്ച ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും നിലവില്‍ പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ ഇന്ന് ട്രിനിഡാഡില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. ഉമ്രാന്‍ മാലിക്കിന് പകരം റിതുരാജ് ഗെയ്‌ക്‌വാദും അക്‌സര്‍ പട്ടേലിന് പകരം ജയദേവ് ഉനദ്‌കടും ഇന്ത്യൻ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
പരമ്പര വിജയം നിർണയിക്കുന്ന മൂന്നാം മത്സരത്തില്‍ രോഹിത് ശർമയും വിരാട് കോലിയും ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങിയത്. ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. സഞ്ജു സാംസണും സൂര്യകുമാറും ടീമില്‍ ഇടം കണ്ടെത്തി. അതേസമയം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജയ്‌ദേവ് ഉനദ്‌കട് ഇന്ത്യൻ ഏകദിന ടീമില്‍ ഇടം പിടിക്കുന്നത്. ഇതിന് മുൻപ് 2013ല്‍ വിൻഡീസിന് എതിരെയായിരുന്നു ഉനദ്‌കട് അവസാനമായി ഏകദിന മത്സരം കളിച്ചത്.
വിൻഡീസ് നിരയില്‍ മാറ്റങ്ങളില്ല. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തോല്‍പിച്ച അതേ ടീമിനെതന്നെ നിലനിർത്തിയാണ് ഇന്ന് വിൻഡീസ് ഇറങ്ങിയത്. ഇന്നത്തെ മത്സരം ഇരു ടീമിനും നിർണായകമാണ്. ജയിക്കുന്നവർക്ക് പരമ്പര നേടാം. ഇന്ന് ജയിച്ചാല്‍ 2016ന് ശേഷം ആദ്യമായി ദ്വിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയ്ക്ക് എതിരെ കിരീടം നേടാമെന്നതാണ് വിൻഡീസ് ആരാധകർക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന കാര്യം.
അതേസമയം ഇപ്രാവശ്യത്തെ ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാത്ത വിന്‍ഡീസ് 2006ന് ശേഷം ഇന്ത്യയ്‌ക്കെതിരെ ആദ്യമായി ഒരു ഏകദിന പരമ്പര നേട്ടമാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ രണ്ടാം മത്സരം ജയിച്ച ടീമില്‍ വിന്‍ഡീസ് കാര്യമായ മാറ്റങ്ങളൊന്നും നടത്തിയിട്ടുമില്ല. മാത്രമല്ല നായകന്‍ ഷായ് ഹോപ്പിന്‍റെ ബാറ്റിങ് മികവിലാണ് അവരുടെ പ്രതീക്ഷകളത്രയും.
വിന്‍ഡീസ് പ്ലേയിങ് ഇലവന്‍: ബ്രാൻഡൻ കിങ്, കൈൽ മേയേഴ്‌സ്, അലിക്ക് അത്നാസെ, ഷായ് ഹോപ്പ് (ക്യാപ്‌റ്റന്‍ ആന്‍റ് വിക്കറ്റ് കീപ്പര്‍), ഷിമ്രോൺ ഹെറ്റ്‌മെയർ, കീസി കാർട്ടി, റൊമാരിയോ ഷെപ്പേർഡ്, യാനിക് കറിയ, അൽസാരി ജോസഫ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡൻ സീൽസ്.
ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജയ്ദേവ് ഉനദ്‌കട്, കുൽദീപ് യാദവ്, മുകേഷ് കുമാർ.