ന്യൂഡൽഹി: ഇന്ത്യ-ആസിയാൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് (Special ASEAN-India Foreign Ministers' Meeting-എസ്എഐഎഫ്എം) രാജ്യം ആതിഥേയത്വം വഹിക്കും. ജൂൺ 16,17 തിയതികളിൽ ന്യൂഡൽഹിയിലാണ് യോഗം നടക്കുക. ഇന്ത്യ-ആസിയാൻ ബന്ധത്തിന്റെ 30-ാം വാർഷികവും, ആസിയാനുമായുള്ള രാജ്യത്തിന്റെ നയതന്ത്ര പങ്കാളിത്തത്തിന്റെ 10-ാം വാർഷികവും അനുബന്ധിച്ചാണ് യോഗം നടത്തുക.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണനും യോഗത്തിൽ അധ്യക്ഷത വഹിക്കും. മറ്റ് ആസിയാൻ അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും, ആസിയാൻ സെക്രട്ടറി ജനറലും യോഗത്തിൽ പങ്കെടുക്കും. ഈ വർഷം ആസിയാൻ-ഇന്ത്യ സൗഹൃദ വർഷമായി ആചരിച്ചു.
ആസിയാൻ-ഇന്ത്യ നയതന്ത്ര പങ്കാളിത്തം ഇന്ന് ശക്തമാണെന്നും, ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെയും വിശാലമായ ഇന്തോ-പസഫിക്കിനെ കുറിച്ചുള്ള കാഴ്ചപ്പാടിന്റെയും കേന്ദ്രമാണ് ആസിയാൻ എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. എസ്എഐഎഫ്എമ്മിന് മുന്നോടിയായി 24-ാം ആസിയാൻ-ഇന്ത്യ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ജൂൺ 15-ന് നടക്കും.