ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കൂടുതല്‍ നിയന്ത്രണവിധേയമാകുന്നതിന്‍റെ സൂചന നല്‍കി പ്രതിദിന കണക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം, പ്രതിദിന കൊവിഡ് നിരക്കില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 11 ശതമാനം കുറവാണ് റിപ്പോര്‍ട്ട് ചെയ്‌തിരിയ്‌ക്കുന്നത്.
24 മണിക്കൂറിനിടെ 16,862 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാഴ്‌ചയായി പ്രതിദിന നിരക്ക് മുപ്പതിനായിരത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 19,391 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ നിലവിലെ രോഗ ബാധിതരുടെ എണ്ണം 2,03,678 ആയി കുറഞ്ഞു.
Also read: വാക്സിൻ വിതരണത്തില്‍ രാജ്യം 100 കോടിയിലേക്ക്: മൻസുഖ് മാണ്ഡവ്യ
രോഗമുക്തി നിരക്ക് 98.07 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 3,40,37,592 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണ നിരക്കില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. 379 പേരാണ് കഴിഞ്ഞ ദിവസം മാത്രം കൊവിഡിന് കീഴടങ്ങിയത്. രാജ്യത്തെ ആകെ മരണ നിരക്ക് 4,51,814 ആണ്.
24 മണിക്കൂറിനിടെ 30,26,483 പേര്‍ കൂടി പ്രതിരോധ കുത്തിവയ്പ്പ് എടുത്തതോടെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 97,14,38,553 ആയി ഉയര്‍ന്നു.