ന്യൂഡല്‍ഹി: കൊവിഡ് ചികിത്സ ഉപകരണങ്ങള്‍ക്ക് വൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയ്‌ക്ക് സഹായവുമായി ഇറ്റലി. 30 ഓക്‌സിജൻ കോണ്‍സട്രേറ്ററുകളും രണ്ട് വെന്‍റിലേറ്ററുകളുമാണ് ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. വിദേശകാര്യ വക്താവ് അരിന്തം ബാഗ്‌ചി ആണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. സഹായത്തിന് ഇറ്റലിക്ക് നന്ദി പറയുന്നതായും ബാഗ്‌ചി ട്വീറ്റ് ചെയ്തു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യയ്‌ക്ക് സഹായം ലഭിക്കുന്നുണ്ട്. പിപിഇ കിറ്റുകള്‍, ഓക്‌സിജൻ കോണ്‍സട്രേറ്ററുകള്‍, ഓക്‌സിജൻ സിലിണ്ടറുകള്‍, മരുന്നുകള്‍, മരുന്നുല്‍പ്പാദനത്തിനുള്ള അസംസ്കൃത വസ്‌തുക്കള്‍ എന്നിവയാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്.
കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. 3,62,727 പേർക്കാണ് വ്യാഴാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,37,03,665 ആയി. ഇതില്‍ 1,97,34,823 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 4,120 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,58,317 ആയി.
also read: ഇന്ത്യയ്‌ക്ക് കൈത്താങ്ങായി ട്വിറ്ററും