ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 89,129 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സെപ്‌റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണമാണിത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,23,92,260 ആയി ഉയർന്നു.
കഴിഞ്ഞ മൂന്ന് ആഴ്‌ചയായി രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോട്ടുകൾ. മഹാരാഷ്‌ട്ര, പഞ്ചാബ്, കർണാടക, കേരളം, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം ഏറെയുള്ളത്. 2020 സെപ്‌റ്റംബർ 16നാണ് രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രേഖപ്പെടുത്തിയത്. 97,894 പേർക്കാണ് അന്ന് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 6,58,909 ആയി ഉയർന്നു. അതേ സമയം 714 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,64,110 ആയി. ഇതുവരെ 1,15,69,241പേരാണ് രോഗമുക്തി നേടിയത്.
ഐസിഎംആറിന്‍റെ കണക്കനുസരിച്ച് വെള്ളിയാഴ്‌ച വരെ 24,69,59,192 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. കൊവിഷീൽഡ്, കൊവാക്‌സിൻ എന്നീ കൊവിഡ് വാക്‌സിനുകൾക്ക് അടിയന്തര അനുമതി ലഭിച്ചതോടെ ഇതുവരെ 7.30 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് നൽകിയത്.