കൊളംബോ : ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്‍റെ ഭാഗമായി ഇന്ത്യ ശ്രീലങ്കയ്‌ക്ക് സമുദ്ര നിരീക്ഷണ വിമാനം നല്‍കി. ശ്രീലങ്കയിലെ കടുനായകയിലുള്ള ശീലങ്കന്‍ എയര്‍ഫോഴസ് ആസ്ഥാനത്ത് വച്ച് ഇന്ത്യന്‍ നേവിയുടെ വൈസ് അഡ്‌മിറല്‍ എസ് എന്‍ ഗോര്‍മേഡാണ് ഡോര്‍നിയര്‍ നിരീക്ഷണ വിമാനം ശ്രീലങ്കന്‍ നേവിക്ക് കൈമാറിയത്. ശ്രീലങ്കന്‍ പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗയും ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബാഗ്‌ലയും വിമാനം കൈമാറുന്ന ചടങ്ങില്‍ ഉണ്ടായിരുന്നു.
പ്രതിരോധ രംഗത്തെ പരസ്‌പര ധാരണയിലൂടെയും സഹകരണത്തിലൂടേയും ഇന്ത്യയുടേയും ശ്രീലങ്കയുടേയും സുരക്ഷ ശക്തിപ്പെടുമെന്ന് ഗോപാല്‍ ബാഗ്‌ലെ പറഞ്ഞു. ഇന്ത്യന്‍ നേവിയുടെ ഇന്‍വെന്‍ററിയില്‍ നിന്നാണ് ഈ വിമാനം ശ്രീലങ്കയ്‌ക്ക് നല്‍കുന്നത്. അടിയന്തരമായ സുരക്ഷാപ്രശ്‌നങ്ങള്‍ നേരിടുന്നതിനാണ് ഈ വിമാനം ശ്രീലങ്കയ്‌ക്ക് ഇന്ത്യ നല്‍കിയിരിക്കുന്നത്. വൈസ് അഡ്‌മിറല്‍ എസ് എന്‍ ഗോര്‍മേഡ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ശ്രീലങ്കയില്‍ എത്തിയിരിക്കുന്നത്.
ഈ സമുദ്ര നിരീക്ഷണ വിമാനം പറത്തുന്നതിനായി ശ്രീലങ്കയുടെ നേവിയില്‍ നിന്നും എയര്‍ഫോഴ്‌സില്‍ നിന്നുമുള്ള സംഘത്തിന് ഇന്ത്യന്‍ നേവി പരിശീലനം നല്‍കിയിരുന്നു. ശ്രീലങ്ക ഇന്ത്യയുടെ ഒരു പ്രധാനപ്പെട്ട സഖ്യ രാജ്യമാണെന്നും പ്രതിരോധ രംഗത്ത് ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2018 ജനുവരിയില്‍ നടന്ന ഇന്ത്യ ശ്രീലങ്ക പ്രതിരോധ സംഭാഷണത്തില്‍ രണ്ട് ഡ്രോണിയര്‍ വിമാനം ലഭിക്കുമോ എന്ന് ശ്രീലങ്ക ഇന്ത്യയോട് ആരാഞ്ഞിരുന്നു.
പൊതുമേഖലാ വിമാന നിര്‍മാണ കമ്പനിയായ എച്ച്‌എഎല്‍ നിര്‍മിക്കുന്ന രണ്ട് ഡ്രോണിയര്‍ വിമാനങ്ങള്‍ ശ്രീലങ്കയ്‌ക്ക് നല്‍കുമെന്ന് വിദേശകാര്യമന്ത്രാലയ കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്. രണ്ട് ഡ്രോണിയര്‍ വിമാനം നല്‍കപ്പെട്ട് കഴിഞ്ഞാല്‍ ഇപ്പോള്‍ ഇന്ത്യ നല്‍കിയ ഡ്രോണിയര്‍ വിമാനം ഇന്ത്യന്‍ നേവിയുടെ ഇന്‍വെന്‍ററിയില്‍ തന്നെ തിരികെ വരും.
ചൈനയുടെ 'യുആന്‍ വേങ് 5' കപ്പല്‍ ശ്രീലങ്കയുടെ ദക്ഷിണഭാഗത്ത് സ്ഥിതിചെയ്യുന്ന ഹമ്പന്‍ടോട്ടയില്‍ നാളെ(16.08.2022) ഒരാഴ്‌ചത്തേക്ക് നങ്കൂരമിടാന്‍ പോകുന്നതിനിടയിലാണ് ഇന്ത്യ ഈ സമുദ്രനിരീക്ഷണ വിമാനം കൈമാറിയത് എന്നത് ശ്രദ്ധേയമാണ്. ഓഗസ്റ്റ് 11ന് നങ്കൂരമിടാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ശ്രീലങ്കയുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് വൈകുകയായിരുന്നു.
ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് യുആന്‍ വേങ് 5ന്‍റെ വരവ് മാറ്റിവയ്ക്കാന്‍ ചൈനയോട് ശ്രീലങ്ക ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ പ്രതിരോധ വിന്യാസങ്ങളെ സംബന്ധിച്ചുള്ള വിവരം യുആന്‍ വേങ് 5ന്‍റെ ട്രാക്കിങ് സിസ്റ്റം ചോര്‍ത്തുമോ എന്നതില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ടായിരുന്നു.